കുറുപ്പംപടി: കൂവപ്പടി പഞ്ചായത്തിലെ കപ്രിക്കാട് വനമേഖലയിൽ തുടർച്ചയായെത്തുന്ന കാട്ടാനകളുടെ ശല്യത്തിന് പരിഹാരം കാണാൻ സമഗ്ര പദ്ധതി തയ്യാറായി. മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ ഓഫീസിൽ എം.എൽ.എ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ കാട്ടാന ശല്യം നേരിടുന്നതിന് വേണ്ട പദ്ധതികൾക്ക് രൂപം നൽകി.
കോടനാട്-കപ്രിക്കാട് അഭയാരണ്യം പദ്ധതി പ്രദേശത്തെ കിഴക്കൻ അതിർത്തിയിൽ പാണംകുഴി മേഖലയിൽ പെരിയാർ നദിയുടെ മറുകരയിലുള്ള നിബിഡ വനപ്രദേശത്തുനിന്നാണ് ആനകൾ എത്തുന്നത്. തുടർന്ന് അവ താളിപ്പാറ-കപ്രിക്കാട് പ്രദേശത്ത് എത്തുന്നു. കാട്ടനകൾ തേക്ക് തോട്ടത്തിന് ചേർന്ന കൃഷിയിടങ്ങൾ നശിപ്പിക്കുന്നു. വാഴ,തെങ്ങ് , കവുങ്ങ്, റബ്ബർ, പൈനാപ്പിൾ എന്നിവ നശിപ്പിച്ചതായി കർഷകർ യോഗത്തിൽ പരാതി ഉന്നയിച്ചു.
പുഴ കടന്ന് എത്തിയ കാട്ടാനക്കൂട്ടം രാത്രി വന്ന് വെളുപ്പിന് തിരിച്ച് പോകാറാണ് പതിവ് രണ്ട് ദിവസമായി ഇത് ഇവിടെ തമ്പടിച്ചിരിക്കുകയാണ്. വനം വകുപ്പ് ഇവിടെ കയറിയ ആനകളെ തുരത്തി ഓടിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. 5 കിലോ മീറ്റർ ദൂരം അഭയാരണ്യം പദ്ധതി പ്രദേശത്ത് സോളാർ ഫെൻസിംഗ് സ്ഥാപിക്കും. കൂടാതെ ആനകൾ പുഴ കടന്ന് എത്താതിരിക്കാൻ രാത്രി സമയത്ത് പുഴയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ കാവൽ ഏർപ്പെടുത്തും. പ്രദേശത്തെ തേക്ക് തോട്ടത്തിലെ വലിയ കാടുകൾ തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തി നിയന്ത്രിത രീതിയിൽ വെട്ടിമാറ്റും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകും.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു, ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അനു അബീഷ് , വൈസ് പ്രസിഡന്റ് ബേബി തോപ്പിലാൻ , ഡി.എഫ് .ഒ രവികുമാർ മീണ, എ.സി എഫ് ചിന്നു ജനാർദ്ദനൻ , റേഞ്ച് ഓഫീസർ ജിയോ ബേസിൽ പോൾ, റിസേർച്ച് റേഞ്ച് ഓഫീസർ അനീഷ സിദ്ധിക് , പഞ്ചായത്ത് അംഗങ്ങളായ സിനി എൽദോ , മായാ കൃഷ്ണകുമാർ , എം. നവ്യ , പി.പി.എൽദോ , എം.പി പ്രകാശ്, ടി.എൻ . സദാശിവൻ, ജോസഫ് , ബിനോയ് അരീക്കൽ എന്നിവർ സംസാരിച്ചു.