
തൃക്കാക്കര: തൃക്കാക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി നോഡൽ ഓഫീസർമാരെ നിയമിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ജാഫർ മാലിക്ക് ഉത്തരവിറക്കി. ഫോർട്ട്‌കൊച്ചി സബ് കളക്ടർ വിഷ്ണുരാജിനെ തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള എം.സി.സി നോഡൽ ഓഫീസറായി നിയമിച്ചു. വോട്ടർ ബോധവത്കരണ പ്രവർത്തനങ്ങൾക്കുള്ള സ്വീപിന്റെ നോഡൽ ഓഫീസറായി അസിസ്റ്റന്റ് കളക്ടർ സച്ചിൻ കുമാർ യാദവിനെയും ചുമതലപ്പെടുത്തി. എ.ഡി.എം എസ്.ഷാജഹാനാണ് ലോ ആൻഡ് ഓർഡർ നോഡൽ ഓഫീസർ. ഡെപ്യൂട്ടി കളക്ടർ എൻ.ആർ വൃന്ദാദേവിക്കാണ് പോസ്റ്റൽ ബാലറ്റ്, ഡമ്മി ബാലറ്റ്, കൊവിഡ് പ്രോട്ടോകോളിന്റെ ചുമതല.