അങ്കമാലി: അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽ യാത്ര ചെയ്യുവാൻ എത്തുന്ന വികലാംഗരായ യാത്രക്കാർക്ക് ഇനി മുതൽ വീൽ ചെയർ ലഭിക്കും. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ദേശീയ മനുഷ്യവകാശ കമ്മിഷൻ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ ശുപാർശ പ്രകാരം വായോജനങ്ങളും വികലംഗരും ആവശ്യപ്പെടുന്ന പക്ഷം യാത്രയ്ക്ക് മുമ്പും യാത്രക്കിടയിലും യാത്രക്ക് ശേഷവും വീൽചെയർ ലഭ്യമാക്കണമെന്ന് കോർപറേഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ എല്ലാ ഡിപ്പോകളിലും ഒരു വീൽ ചെയറെങ്കിലും ക്രമീകരിക്കണമെന്നും ഇത് സ്റ്റേഷൻ മാസ്റ്ററുടെ കാര്യാലയത്തിൽ സൂക്ഷിക്കണമെന്നും എം.ഡി നിർദ്ദേശിച്ചിരുന്നു.
ഇതിന്റെ ഭാഗമായി അങ്കമാലി യൂണിറ്റിന്റെ അഭ്യർത്ഥന മാനിച്ച് കൊച്ചിൻ എയർപോർട്ട് റോട്ടറി ക്ലബ് യൂണിറ്റ് വീൽചെയർ നൽകി. പ്രസിഡന്റ് പി .ജെ ബാബു , യൂണിറ്റ് ഓഫീസർ പി എൻ . സുനിൽകുമാറിന് കൈമാറി. റോട്ടറി ക്ലബ് സെക്രട്ടറി, ഡോക്ടർ ശ്രീകുമാർ , അംഗങ്ങളായ വി.യു. നാസർ, റിട്ടേയർഡ് ഡി.വൈ.എസ്.പി എൻ.സി. ചാക്കോ, എന്നിവർ ചടങ്ങിൽ സന്നിഹിതനായിരുന്നു.