
കൊച്ചി: വ്യാഴാഴ്ച വൈകിട്ട് എറണാകുളം ബോൾഗാട്ടി ജംഗ്ഷനിൽ ലോറിയിൽ നിന്ന് കണ്ടെയ്‌നർ റോഡിലേക്ക് വീണുണ്ടായ അപകടത്തിൽ ഒഴിവായത് വൻ ദുരന്തം. ലോറി സഡൻബ്രേക്ക് ഇട്ടതാണ് അപകടകാരണമെന്നാണ് പൊലീസ് ഭാഷ്യം. ബ്രേക്കിട്ടാലുടൻ റോഡിലേക്ക് വീഴുന്ന തരത്തിലാണോ കണ്ടെയ്‌നറുകൾ ഘടിപ്പിക്കുന്നതെന്ന ചോദ്യം ഈ ഘട്ടത്തിലുയരുന്നുണ്ട്.
തിരക്കേറിയ സമയത്താണ് കണ്ടെയ്‌നർ റോഡിലേക്ക് വീണത്. ഭാഗ്യത്തിന് ആരും അടിയിൽപ്പെട്ടില്ല. കണ്ടെയ്‌നറുകൾക്ക് നിഷ്‌കർഷിച്ചിരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാമെന്ന് റോഡ് സുരക്ഷാ അധികൃതർ വ്യക്തമാക്കുന്നു.
സുരക്ഷാ മാനദണ്ഡങ്ങൾ- പ്രധാനപ്പെട്ടവ
1. ഫുൾ ലോഡ് ഇല്ല എങ്കിൽ ലോഡ് കണ്ടെയ്‌നറിന്റെ നടുക്ക് ഭാഗത്തായി ക്രമീകരിക്കണം. അതിനുള്ള സംവിധാനം വാഹനത്തിലുണ്ടാകണം. ബാലൻസ് തെറ്റാതിരിക്കാനാണിത്.
2. കണ്ടെയ്‌നറും ട്രെയിലറും തമ്മിൽ ബന്ധിപ്പിക്കുന്ന സേഫ്റ്റി ഹുക്ക് നിർബന്ധമായും ഇടണം. കൂടുതൽ പേരും ഇത് ഇടാറില്ല. ഇവ തമ്മിൽ ബന്ധിപ്പിച്ചാൽ കണ്ടെയ്‌നർ മാത്രമായി തെറിച്ചുവീഴില്ല.
3. സൈഡ് കാരിയറുകൾ ഘടിപ്പിച്ചിരിക്കണം. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ കണ്ടെയ്‌നറിനടിയിലേക്ക് ഇടിച്ചുകയറാതിരിക്കാനാണിത്.
4. കണ്ടെയ്‌നറിന്റെ മുൻഭാഗവും വാഹനത്തിന്റെ ഡ്രൈവർ കാരിയറും തമ്മിൽ ബന്ധിപ്പിക്കുന്ന എല്ലാ ലോക്കുകളും ഇടണം. പല വാഹനങ്ങളും ചില ലോക്കുകൾ ഇടാറില്ല.
6. അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം.
7. വേഗനിയന്ത്രണം കർശനം
കണ്ടെയ്‌നറുകൾ ലോറിയിൽ ഘടിപ്പിക്കുന്നത്
 ക്രെയിൻ ഉപയോഗിച്ച് ഉയർത്തി ലോറിയുടെ നാല് വശത്തും സ്ഥാപിച്ചിട്ടുള്ള ലോക്കുകളിലേക്ക് കണ്ടെയ്‌നറുകൾ ഇറക്കി വയ്ക്കും
 മൂന്നിഞ്ചോളം നീളവും ഒരിഞ്ച് കനവുമുള്ളതാണ് ലോക്ക് തകിടുകൾ
 ഇതിലേക്ക് കണ്ടെയ്‌നറുകൾ ഇറക്കിയ ശേഷം ലോക്കുകളിൽ ഘടിപ്പിച്ചിരിക്കുന്ന ഇരുമ്പുപട്ട കണ്ടെയ്‌നറിന്റെ നാല് ഭാഗത്തെ ദ്വാരങ്ങളിലേക്ക് കയറ്റിയിടും
ശൂന്യമായ കണ്ടെയ്‌നറിന്റെ ഭാരം
 20 അടി- 2.5 ടൺ
 40 അടി- 4.5 ടൺ
 60 - 70 കിലോമീറ്റർ 
(കണ്ടെയ്‌നറുകൾക്ക് നിശ്ചയിച്ചിരിക്കുന്ന വേഗം)
 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാൽ കണ്ടെയ്‌നറുകൾ മൂലമുണ്ടാകുന്ന വൻ ദുരന്തങ്ങൾ ഒഴിവാക്കാം. സാധാരണ വാഹനാപകടങ്ങളുടെ പതിന്മടങ്ങ് ആഘാതമാകും കണ്ടെയ്‌നർ അപകടങ്ങൾ സൃഷ്ടിക്കുക.
ജി. അനന്തകൃഷ്ണൻ
എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ
എറണാകുളം
 ഡ്രൈവർമാരുടെ അശ്രദ്ധയാണ് പലപ്പോഴും കണ്ടെയ്‌നറുകളുടെ അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നത്. വേഗതയാണ് പ്രധാന പ്രശ്‌നം.
ജോയ്,
സെക്രട്ടറി, കേരള കണ്ടെയ്നർ ഓണേഴ്സ് അസോസിയേഷൻ