കുമ്പളങ്ങി: ലോക ടൂറിസം മാപ്പിൽ ഇടംപിടിച്ച കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് ഇനി കാമറക്കണ്ണുകളിൽ സുരക്ഷിതം. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പഞ്ചായത്ത് മുഴുവനായും കാമറ നിരീക്ഷണത്തിലാകുന്നത്. കുമ്പളങ്ങി നോർത്ത് മുതൽ സൗത്ത് വരെ ഇതിനോടകം 11 കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി 12 ലക്ഷം രൂപ മുടക്കിയാണ് കാമറ സ്ഥാപിച്ചിരിക്കുന്നത്. ഉൾവഴികളിൽ ഇനി 10 കാമറകൾ കൂടി സ്ഥാപിക്കും. ഇതിനായി 10 ലക്ഷം രൂപ കൂടി പഞ്ചായത്ത് മുടക്കും. ഇതിനോടകം തന്നെ നിരവധി കവർച്ചാ കേസുകൾ കാമറ സ്ഥാപിച്ചതിനെ തുടർന്ന് ഇവിടെ നിന്നും പിടികൂടി. പഞ്ചായത്തിലെ പൊലീസ് സ്റ്റേഷനുമായി കാമറ ലിങ്ക് ചെയ്യാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത് പ്രസിഡന്റ് ലിജ തോമസ് ബാബുവും വൈസ് പ്രസിഡന്റ് പി.എ.സഗീറും. പൊലീസ് സ്റ്റേഷനുമായി കാമറ ലിങ്ക് ചെയ്യണമെങ്കിൽ 40,000 രൂപ ചെലവ് വരും. ഫണ്ട് റെഡിയാകുന്നതോടെ അതും നിലവിൽ വരും. പഞ്ചായത്തിൽ മുഴുവനായും കാമറ സ്ഥാപിക്കുന്നതോടെ 25 ലക്ഷം രൂപയാണ് ചെലവ് വരുന്നത്.