1

പള്ളുരുത്തി: സൗരപുരപ്പുറ സോളാർ പദ്ധതി കൊച്ചി നിയോജകമണ്ഡലതല ഉദ്ഘാടനം കെ.ജെ. മാക്സി എം.എൽ.എ നിർവ്വഹിച്ചു. സൗരപദ്ധതിയുടെ രണ്ടാംഘട്ടത്തിൽ വരുന്ന പദ്ധതിയാണ് സൗര പുരപ്പുറ സബ്സിഡി സ്കീം. ഗാർഹിക ഉപഭോക്താക്കൾക്ക് വേണ്ടിയിട്ടുള്ള ഈ പദ്ധതിയിൽ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് ഗവൺമെന്റിൽനിന്നും സബ്സിഡി ആനുകൂല്യം ലഭ്യമാണ്. സൗരോർജ്ജ നിലയം സ്ഥാപിക്കാൻ ആവശ്യമായ ആകെ തുകയിൽ മൂന്ന് കിലോവാട്ട് വരെ 40 ശതമാനം സബ്സിഡിയും 3 മുതൽ 10കിലോവാട്ട് വരെ 20 ശതമാനം സബ്സിഡിയും ലഭിക്കും. മോഡൽ 2 സ്കീം ആണ് നിലവിൽ ഉള്ളത്. എം.എൻ.ആർ.ഇ പറഞ്ഞിരിക്കുന്ന ബെഞ്ച് മാർക്ക് കോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് സബ്സിഡി തുക കണ്ടുപിടിക്കുന്നത്. ബെഞ്ച് മാർക്ക് കോസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. ഡിവിഷൻ കൗൺസിലർ സനൽമോൻ അദ്ധ്യക്ഷനായ യോഗത്തിൽ കേരള ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ പ്രേമൻ ദിനരാജ്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരായ ഇന്ദു.ആർ, ഷാജി എം.ബാബു, ബ്രൈറ്റ്സൺ ജൂഡ്, ടാറ്റാ പവർ ഉദ്യോഗസ്ഥരായ അജിത്ത് കിട്ടൂർ, സന്ദീപ് എന്നിവർ സംബന്ധിച്ചു.