കോലഞ്ചേരി: സർക്കാർ വകുപ്പുകൾ തമ്മിലുള്ള ശീതസമരം മണ്ണൂർ - പോഞ്ഞാശേരി റോഡ് നിർമ്മാണം വീണ്ടും പ്രതിസന്ധിയിലാക്കുന്നു. വർഷങ്ങളായി മുടങ്ങിക്കിടന്ന റോഡ് നിർമ്മാണത്തിന്റെ ഐരാപുരം കൈയാണിക്കൽ മുതൽ മണ്ണൂർ വരെയുള്ള ഭാഗം കഴിഞ്ഞ ദിവസമാണ് പണി തുടങ്ങിയത്. ഇനി പണി തീരേണ്ട പാലച്ചുവടു മുതൽ മണ്ണൂർ വരെയുള്ള ഭാഗത്ത് തൃക്ക അമ്പലത്തിന് മുമ്പിലെ അപകടകരമായ വളവും റോഡിന് മുകളിൽ പൊങ്ങി നിൽക്കുന്ന വാട്ടർ അതോറിറ്റിയുടെ പൈപ്പുമാണ് വില്ലനാകുന്നത്.
അമ്പലത്തിനു മുമ്പിൽ റോഡിനോട് ചേർന്ന് നിൽക്കുന്ന ഭാഗത്തെ മണ്ണെടുത്ത് മാറ്റി കുടിവെള്ള പൈപ്പ് താഴ്ത്തിയിട്ടാൽ മാത്രമാണ് ഇവിടെ സുഗമമായ യാത്ര സാദ്ധ്യമാകൂ. കയറ്റവും വളവും നിൽക്കുന്നതിനാൽ ഇരു വശങ്ങളിൽ നിന്ന് ഒരേസമയം വാഹനമെത്തിയാൽ പരസ്പരം കാണുന്നതിന് തടസമാവുകയും വൻ അപകടങ്ങൾക്കും ഇടയാക്കും.
അതോടൊപ്പം പൈപ്പ് പൊങ്ങി നിന്നാൽ ഇരു ചക്രവാഹനങ്ങൾ തട്ടി മറിയുന്നതിനും സാദ്ധ്യതയുണ്ട്. നേരത്തെ ഈ പ്രശ്നം സംരക്ഷണ സമിതി പ്രവർത്തകർ ഉയർത്തിയപ്പോൾ പ്രശ്നപരിഹാരമുണ്ടാക്കുമെന്ന് കിഫ്ബി അധികൃതർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ വകുപ്പുകൾ പരസ്പരം പഴിചാരി റോഡ് നിർമ്മാണം വീണ്ടും പ്രതിസന്ധിയിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് റോഡ് സംരക്ഷണ സമര സമിതി ആരോപിക്കുന്നു.
പൈപ്പ് മാറ്റുന്നത് സംബന്ധിച്ച് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുമായി ഇവർ ചർച്ച നടത്തിയപ്പോൾ വൈകാതെ മാറ്റുന്നതിന് തീരുമാനമായി. എന്നാൽ ഈ ഭാഗത്ത മണ്ണ് മാറ്റി നൽകാൻ കെ.ആർ.എഫ്.ബി തയ്യാറാകുന്നില്ല. പ്രശ്പം കരാറുകാരന്റെ തലയിൽ കെട്ടിവച്ച് കൈകഴുകാനാണ് അധികൃതരുടെ ശ്രമം.
ഇനി റോഡിന്റെ സുഗമമായ നിർമ്മാണത്തിന് മണ്ണൂർ ജംഗ്ഷനിലെ മരങ്ങൾ വെട്ടിമാറ്റുകയും ടെലിഫോൺ കേബിളുകൾ മാറ്റി സ്ഥാപിക്കുകയും വേണം. ഇത് സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് തീരുമാനമായിട്ടുണ്ട്. ബി.എസ്.എൻ.എൽ സബ് ഡിവിഷണൽ എൻജിനീയർ ഇന്നെത്തും. കെ.ആർ.എഫ്.ബിയുടെ സഹകരണമുണ്ടെങ്കിൽ മാത്രമാണ് ഇതും പൂർത്തിയാക്കാൻ കഴിയൂ. മരം മുറിക്കൽ നാളെ തീർക്കാനാണ് തീരുമാനം. തൃക്ക അമ്പലത്തിന് മുന്നിലെ തടസം കൂടി നീങ്ങിയാൽ നാട്ടുകാരുടെ വർഷങ്ങളുടെ കാത്തിരിപ്പിനാണ് അറുതിയാകുന്നത്.