df

കൊച്ചി: ഒരാഴ്ചയായി തുടരുന്ന കൊതുക് നിവാരണ കർമ്മപദ്ധതി ഫലം കണ്ടുതുടങ്ങിയതായി അധികൃതർ പറയുന്നു. നഗരത്തിലെ കാനകളിലും കൊതുക് വളരുന്ന ഇടങ്ങളിലും ഏഴു ദിവസത്തെ ഇടവേളകളിൽ ഫോഗിംഗും പവർ സ്പ്രേയിംഗ് നടത്തുന്നുണ്ട്. നഗരപരിസരത്ത് ആറു വാഹനങ്ങളും പടിഞ്ഞാറൻ മേഖലയിൽ നാലു വാഹനങ്ങളുമാണ് ഇതിനായി ഉപയോഗിക്കുന്നത്. രാവിലെ അഞ്ചുമുതൽ ഏഴുവരെ ഫോഗിംഗും, 7.30 മുതൽ 12 മണിവരെ അതേയിടത്ത് തന്നെ പവർസ്‌പ്രേയിംഗും നടത്തും. ഇതു കൂടാതെ വാഹനങ്ങൾ കടന്നുചെല്ലാത്ത ഇടറോഡുകളിലും ചതുപ്പ് പ്രദേശങ്ങളിലും വൈകിട്ട് 6 മുതൽ 7.30 വരെ തൊഴിലാളികൾ ഹാൻഡ് സ്‌പ്രേയിംഗ് ചെയ്യും.

കൊതുക് നശീകരണത്തിനായി പ്രയോഗിക്കുന്ന മരുന്നുകൾ, കൊതുകുകളുടെ തരംതിരിവ്, പ്രജനന രീതി മനസ്സിലാക്കിയുള്ള നിയന്ത്രണം എന്നീ പ്രവർത്തനങ്ങളിൽ വി.സി.ആർ.സിയിലെ ശാസ്ത്രജ്ഞരുടെ മാർഗ്ഗനിർദ്ദേശങ്ങൾ തേടുമെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു.