 മകംതൊഴൽ 17ന്

തൃപ്പൂണിത്തുറ: ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ മഹോത്സവത്തിന് കൊടിയേറി. പ്രസിദ്ധമായ മകംതൊഴൽ 17ന് നടക്കും. 18ന് പൂരം എഴുന്നള്ളിപ്പും 19ന് ഉത്രം ആറാട്ടും 20ന് അത്തം വലിയഗുരുതിയുമാണ് പ്രധാന ചടങ്ങുകൾ. മകം തൊഴൽ ഉച്ചയ്ക്ക് 2മണിമുതൽ രാത്രി 10മണിവരെയാണ്. ഇന്നുമുതൽ 16വരെ രാവിലെ 5.30മുതൽ ദേവി പറയെടുപ്പിനായി പുറത്തേക്കെഴുന്നള്ളും. ആറാട്ടും ഇറക്കിപ്പൂജയുമുള്ള സ്ഥലങ്ങളിലും പ്രത്യേകകേന്ദ്രങ്ങളിലും പറ സ്വീകരിക്കും.

15ന് ഉച്ചക്ക് രണ്ടിന് ഉത്സവബലിദർശനം. 17ന് രാവിലെ 5.30ന് ഓണക്കുറ്റി ചിറയിൽ ആറാട്ട്, തുടർന്ന് മകം എഴുന്നള്ളിപ്പ്. 18ന് രാവിലെ 5.30ന് പറക്കെഴുന്നള്ളിപ്പ്, ഒമ്പതിന് ആറാട്ട്, രാത്രി 7.15ന് പൂരം എഴുന്നള്ളിപ്പ്, 8.30 ന് ഓണക്കുറ്റിച്ചിറ, തുളുവൻകുളങ്ങര, എടാട്ട്, കർത്തക്കാട്ട് എന്നീ ക്ഷേത്രങ്ങളിലെ പൂരം എഴുന്നള്ളിപ്പ് ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടപ്പുരയിലെത്തും. 9.30ന് ഏഴ് ദേവീദേവന്മാരുടെ കൂട്ടിയെഴുന്നള്ളിപ്പ്. ഉത്രംആറാട്ടായ 19ന് രാവിലെ അഞ്ചിന് ആറാട്ടുബലി,കൊടിയിറക്കൽ തുടർന്ന് ആറാട്ടെഴുന്നള്ളിപ്പ്, വൈകിട്ട് ആറിന് വലിയ കീഴ്കാവിലേക്ക് എഴുന്നള്ളിപ്പ്. 20ന് രാത്രി കീഴ്ക്കാവിൽ നടക്കുന്ന അത്തം വലിയ ഗുരുതിയോടെ ഉത്സവം സമാപിക്കും.