കൂത്താട്ടുകുളം: കണ്ണിന്റെ ചികിത്സയിൽ കഴിയുന്ന മകളെ കാണാൻ കൂത്താട്ടുകുളത്തെത്തിയ കെനിയൻ മുൻ പ്രധാനമന്ത്രി റയില ഒഡിങ്ക ഇന്ന് നാട്ടിലേക്ക് തിരിക്കും. ആറ് ദിവസമായി കൂത്താട്ടുകുളം ശ്രീധരീയം ആശുപത്രിയിൽ മകളോടൊപ്പം ചെലവിടുകയായിരുന്നു അദ്ദേഹം. ശ്രീധരീയം ഗ്രൗണ്ടിൽ നിന്ന് പ്രത്യേക ഹെലികോപ്‌​റ്ററിൽ നെടുമ്പാശേരിയിലെത്തി രാവിലെ 9 ന് ഡൽഹിക്ക് തിരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്ച നടത്തിയ ശേഷമാണ് റയില ഒഡിങ്ക നെയ്‌​റോബിയ്ക്ക് മടങ്ങും.

മകൾ റോസ് മേരി രണ്ടാഴ്ച കൂടി ശ്രീധരീയത്തിൽ ചികിത്സയിൽ തുടരും. രണ്ട് വർഷം മുമ്പ് ആരംഭിച്ച മകളുടെ കണ്ണിന്റെ ആയൂർവേദ ചികിത്സ ഫലപ്രാപ്തിയിലേക്ക് എത്തുന്നത് നേരിട്ട് കണ്ടറിയാനാണ് ഓറഞ്ച് ഡെമോക്രാറ്റിക് മൂവ്‌മെന്റ് പാർട്ടിയുടെ പ്രമുഖ നേതാവുമായ റയില ഒഡിങ്ക കഴിഞ്ഞ ദിവസം കൂത്താട്ടുകുളത്തെത്തിയത്. റയിലയുടെ മകൾ നാൽപ്പത്തിനാലുകാരിയായ റോസ് മേരിയുടെ കാഴ്ച്ച നഷ്ടപ്പെടുന്നത് 2017 ലാണ്. കണ്ണിലെ ഞെരമ്പുകളുടെ ബലക്ഷയത്തെ തുടർന്ന് പൂർണ്ണമായും കാഴ്ച്ച നഷ്ടപ്പെടുകയായിരുന്നു. വിവിധ രാജ്യങ്ങളിലെ ചികിത്സയ്ക്ക് ശേഷമാണ് കൂത്താട്ടുകുളം ശ്രീധരീയത്തിലെത്തുന്നത്. ഒരുമാസക്കാലം കിടത്തിചികിത്സയും പിന്നീട് മരുന്നുകൾ അയച്ചു നൽകിയും ചികിത്സ തുടരുകയായിരുന്നു.
ശ്രീധരീയം ആയൂർവേദിക് ഐ ഹോസ്പ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ ചീഫ് ഫിസിഷ്യൻ ഡോ. എൻ. നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ചികിത്സ. കെനിയൻ മുൻപ്രധാനമന്ത്രിയുടെ സന്ദർശനം ലോകത്ത് ആയൂർവേദത്തിന്റെ പ്രസക്തിയും പെരുമയുമാണ് വെളിവാക്കുന്നതെന്ന് ശ്രീധരീയം വൈസ് ചെയർമാൻ ഹരി.എൻ. നമ്പൂതിരി പറഞ്ഞു.