വൈപ്പിൻ: വൈപ്പിനിൽ വർദ്ധിക്കുന്ന റോഡ് അപകടങ്ങൾ നിയന്ത്രിക്കുന്നതിന് സമഗ്ര പദ്ധതിക്ക് രൂപം നൽകി. കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. ഫെബ്രുവരി എട്ടുവരെ അഞ്ചുവർഷക്കാലയളവിൽ വൈപ്പിനിൽ 1213 അപകടങ്ങളിലായി 91പേർക്ക് ജീവൻ നഷ്ടപ്പെടുകയും 924 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേർത്ത് പദ്ധതി ആവിഷ്‌കരിച്ചത്. യോഗത്തിലെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്രോഡീകരിച്ചാണ് റോഡ് സുരക്ഷാപദ്ധതിക്ക് രൂപം നൽകിയത്.
അമിതവേഗം, മത്സരയോട്ടം, ട്രാഫിക് നിയമലംഘനം, ഹെൽമെറ്റ് ഉപയോഗിക്കാതിരിക്കൽ, അശ്രദ്ധ, ലഹരി ഉപയോഗിച്ചശേഷമുള്ള ഡ്രൈവിംഗ് എന്നിവയെല്ലാം അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. റോഡ് കൈയേറ്റം, കടകളുടെ ചമയങ്ങളും സാധനങ്ങളും റോഡിലേക്ക് ദീർഘിപ്പിക്കുന്നത്, റോഡിന്റെ അശാസ്ത്രീയതകൾ എന്നിവയും അപകടം വരുത്തുന്നു. ഇവയെല്ലാം കണക്കിലെടുത്താണ് സുരക്ഷാപദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.
യോഗത്തിൽ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ രമണി അജയൻ, കെ. എസ്. നിബിൻ, അസീന അബ്ദുൾസലാം, ടി. ടി. ഫ്രാൻസിസ്, ഞാറക്കൽ സി. ഐ. രാജൻ കെ. അരമന, മുനമ്പം സി. ഐ. യേശുദാസ്, റസിഡന്റ്‌സ് അസോസിയേഷനുകളുടെ ഉന്നതസമിതി ഫ്രാഗിന്റെ പ്രസിഡന്റ് അഡ്വ. വി. പി. സാബു, പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ എം. ജി. അജിത്ത്കുമാർ, ഞാറക്കൽ അസിസ്റ്റന്റ് എൻജിനീയർ ബിന്ദു കെ. ദിവാകരൻ, ബസുടമകളുടെയും വാഹനത്തൊഴിലാളികളുടെയും പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ആദ്യ ഘട്ടം ബോധവത്കരണം
ആദ്യഘട്ടമായി ത്രിദിന ബോധവത്കരണ കാമ്പയിൻ 14 ന് രാവിലെ എട്ടിന് കാളമുക്ക് , ചെറായി , ഞാറക്കൽ എന്നിവിടങ്ങളിൽ നടക്കും. 15 ന് കുഴുപ്പിള്ളി, എടവനക്കാട്,നായരമ്പലം എന്നിവിടങ്ങളിലാണ് കാമ്പയിൻ. പൊലീസ്, മോട്ടോർ വാഹന വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സന്നദ്ധ പ്രവർത്തകരുടെയും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ, എൻ. സി. സി, എൻ. എസ് . എസ് . എന്നിവയുടെയും സഹകരണത്തോടെയാകും പരിപാടി.രണ്ടാം ഘട്ടത്തിൽ ബസ് ഡ്രൈവർമാർക്ക് ഉൾപ്പെടെ അവബോധ ക്ലാസുകൾ നടക്കും. 19 ന് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് തല ക്ലാസ് ബ്ലോക്ക് ഓഫീസിലും ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തുതല ക്ലാസ് 20 ന് ഓച്ചന്തുരുത്ത് സർവീസ് സഹകരണ ബാങ്ക് ഹാളിലും നടക്കും.പൊലീസ്, മോട്ടോർ വാഹന വകുപ്പുകൾ നേതൃത്വം നൽകും.
വാഹന പരിശോധന ശക്തമാക്കും
പൊലീസ്, മോട്ടോർ വാഹന വകുപ്പുകളുടെ സംയുക്ത വാഹന പരിശോധനയാണ് മൂന്നാംഘട്ടം. ഈ ഘട്ടം മുതൽ കർശനനടപടികൾ കൈക്കൊള്ളും. നിശ്ചിത ഇടവേളകളിൽ ഈ പ്രക്രിയ തുടരും. പൊതുമരാമത്ത്, കെ. എസ്. ഇ. ബി. വിഭാഗങ്ങളുടെ പങ്കാളിത്തം ആവശ്യമായ ഘട്ടങ്ങളിലെല്ലാം ഉറപ്പാക്കുമെന്നും കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. പറഞ്ഞു.