police-dog
പരിശീലനം പൂർത്തിയാക്കി ഒന്നാമനായെത്തിയ ബെൽജിയൻ മാലിനോയിസ് ഇനത്തിൽപ്പെട്ട നായ കുട്ടി അർജുൻ ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിനും പരിശീലകർക്കുമൊപ്പം

ആലുവ: എറണാകുളം റൂറൽ പൊലീസ് ഡോഗ് സ്‌ക്വാഡിന് കരുത്തുപകരാൻ ഒമ്പതു മാസത്തെ പരിശീലനം പൂർത്തിയാക്കി ഒന്നാമനായി അർജുൻ എത്തി. സ്‌ഫോടക വസ്തുക്കൾ കണ്ടുപിടിക്കുന്നതിന് മിടുക്കനാണ് ബെൽജിയൻ മാലിനോയിസ് ഇനത്തിൽപ്പെട്ട നായക്കുട്ടി.

കഴിഞ്ഞദിവസമാണ് കേരള പൊലീസ് അക്കാദമിയിലെ പരിശീലനത്തിനുശേഷം ഗോൾഡ് മെഡലോടെ അർജുൻ റൂറൽ പൊലീസിന്റെ കെ9 സ്‌ക്വാഡിൽ അംഗമായത്. ഇതോടെ ഈ ഇനത്തിൽപ്പെട്ട രണ്ടു നായകളായി സ്‌ക്വാഡിൽ. കൂടാതെ മൂന്ന് ലാബും ഒരു ബീഗിളും ഉൾപ്പടെ ആറ് ശ്വാനൻമാരാണ് കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിന് പൊലീസിന് സഹായികളാകുന്നത്. ഭയംകൂടാത ദുരന്തമുഖത്ത് പാഞ്ഞ് കയറുകയെന്നത് ബെൽജിയൻ മാലിനോയ്‌സിന്റെ പ്രത്യേകതയാണ്. ലോകരാജ്യങ്ങളിൽ പൊലീസ് കമാണ്ടോ വിംഗിൽ അവിഭാജ്യ ഘടകമാണ് ഈ നായകൾ. ബുദ്ധിശക്തിയിലും ഘ്രാണശക്തിയിലും കൃത്യനിഷ്ഠയിലും ഒന്നാമതാണിവർ.

സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയാൽ അനങ്ങാതെ സേനയ്ക്ക് വിവരം നൽകാൻ ഇവർക്ക് കഴിയുമെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് പറഞ്ഞു. പാസിംഗ് ഔട്ടിനു ശേഷം ആദ്യം ജില്ലാ പൊലീസ് ആസ്ഥാനത്താണ് അർജുൻ എത്തിയത്. എൽദോ ജോയി, കെ.എം. ഹരികൃഷ്ണൻ എന്നീ ഉദ്യോഗസ്ഥരാണ് അർജുന്റെ പരിശീലകർ. എ.എസ്.ഐ പി.എൻ. സോമന്റെ നേതൃത്വത്തിൽ 12 പേരാണ് കെ 9 സ്‌ക്വാഡിലുള്ളത്.