കൊച്ചി: എക്സൈസിനെയാകെ നാണക്കേടിൽ മുക്കിയ കാക്കനാട് ലഹരിക്കേസിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. മൂന്ന് യുവതികൾ ഉൾപ്പെടെ 25പേരാണ് പ്രതികൾ.19 പേരാണ് ഇതുവരെ പിടിയിലായത്. അവശേഷിക്കുന്ന ആറുപേരിൽ മൂന്നുപേർ വിദേശത്തേക്ക് കടന്നതായും മറ്റുള്ളവർ രാജ്യത്ത് തന്നെയുണ്ടെന്നുമാണ് കണ്ടെത്തൽ. ഇവർക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും.

കഴിഞ്ഞ ഓഗസ്റ്റ് 19ന് കാക്കനാട്ടെ അപ്പാർട്ട്‌മെന്റിൽനിന്ന് 84ഗ്രാം മെത്താഫെറ്റമിൻ മയക്കുമരുന്ന് പിടികൂടിയ കേസിലാണ് എക്‌സൈസ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. ആഡംബരകാറിൽ യുവതികൾക്കൊപ്പം മുന്തിയഇനം നായ്ക്കളേയും കൂട്ടിയാണ് സംഘം ലഹരിമരുന്ന് കടത്തിയിരുന്നത്. പതിനായിരംപേജിന് മുകളിലുള്ള കുറ്റപത്രമാണ് സമർപ്പിച്ചിട്ടുള്ളത്. മയക്കുമരുന്ന് കടത്തൽ, ഗൂഢാലോചന, സാമ്പത്തികസഹായം ചെയ്യൽ തുടങ്ങിയവയാണ് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. മുഹമ്മദ് ഫവാസാണ് ഒന്നാംപ്രതി. ശ്രീമോൻ, മുഹമ്മദ് അജ്മൽ, അഫ്സൽ മുഹമ്മദ് എന്നിവരാണ് രണ്ടും മൂന്നും നാലും പ്രതികൾ. സ്‌പെയിനിൽനിന്ന് ശ്രീലങ്കവഴിയും നേരിട്ടും ചെന്നൈയിലെത്തിക്കുന്ന ലഹരിമരുന്ന് കേരളത്തിലെത്തിച്ച് വില്പന നടത്തുന്നതായിരുന്നു ഇവരുടെ രീതി. പ്രതികളുടെ സി.ഡി.ആർ രേഖകൾ, മൊബൈൽഫോൺ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ നിർണ്ണായക തെളിവുകളായി. എക്‌സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ ടി.എം. കാസിമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.

 ഏഴ് അഞ്ചായത് വിവാദമായി

ലഹരിടത്ത് കേസിൽ ആദ്യം ഏഴുപേരെയാണ് എക്സൈസ് പിടികൂടിയത്. പിന്നീട് ഒരു യുവതിയേയും യുവാവിനേയും ഒഴിവാക്കി കേസ് രജിസ്റ്റർ ചെയ്തതോടെ നടപടി വിവാദത്തിലായി. അന്വേഷണസംഘത്തിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും മറ്റുള്ളവരെ സ്ഥലംമാറ്റിയും നടപടി കടുപ്പിച്ച ആഭ്യന്തരവകുപ്പ് അന്വേഷത്തിന് എക്സൈസ് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തുകയായിരുന്നു.


 സേഠിൽനിന്ന് ടീച്ചറിലേക്ക്
ചെന്നൈ സ്വദേശിയായ ഷംസുദ്ദീൻ സേഠിൽനിന്നാണ് പ്രതികൾ മയക്കുമരുന്ന് വാങ്ങിയത്. 25-ാം പ്രതിയായ ഇയാൾ ഒളിവിലാണ്. കൊച്ചിയിലെ ഇടപാടുകൾ നിയന്ത്രിച്ചിരുന്നത് ടീച്ചറെന്ന് വിളിക്കുന്ന സുസ്മിത ഫിലിപ്പായിരുന്നു. ഇവരെ എക്‌സൈസ് ക്രൈംബ്രാഞ്ച് പിന്നീട് അറസ്റ്റുചെയ്തിരുന്നു. സുസ്മിത 12-ാം പ്രതിയാണ്. എറണാകുളത്ത് ഫ്ളാറ്റുകൾ വാടകയ്ക്കെടുത്താണ് സംഘം പ്രവർത്തിച്ചിരുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡുകളിൽ ഇതുവരെ 1.085 കിലോഗ്രാം മെത്താഫെറ്റമിൻ കണ്ടെടുത്തിട്ടുണ്ട്. ഇതോടൊപ്പം രജിസ്റ്റർചെയ്ത രണ്ടാംകേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.