വൈപ്പിൻ: ഊർജ്ജ രംഗത്ത് വലിയ മാറ്റങ്ങൾക്കിടയാക്കുന്ന സൗര സബ്‌സിഡി പുരപ്പുറ സൗരോർജ പദ്ധതിക്ക് വൈപ്പിൻ നിയോജകമണ്ഡലത്തിൽ തുടക്കം. കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. പദ്ധതി ഉദ്ഘാടനം ചെയ്തു. പള്ളിപ്പുറം എ. ജി. ജോയിയുടെ വസതിയിൽ സ്ഥാപിച്ച അഞ്ച് കിലോവാട്ട്‌സ് സോളാർ പ്ലാന്റാണ് സ്വിച്ച് ഓൺ ചെയ്തത്.

ചെലവു കുറഞ്ഞ വൈദ്യുതി ലഭ്യമാക്കുന്ന സൗര പദ്ധതി വൈദ്യതിയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് നാടിനെ പ്രാപ്തമാക്കുമെന്ന് കെ. എൻ. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. വൈദ്യുത ബില്ലിൽ കുറവുവരുത്തുന്ന പദ്ധതി ഫോസിൽ ഇന്ധനങ്ങളുടെ ദൗർലഭ്യത നേരിടാനും സംരക്ഷണം ഉറപ്പാക്കാനും അവസരമൊരുക്കും.
പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, വാർഡ് അംഗം ലീമ ജിജിൻ, കെ.എസ്.ഇ.ബി. എക്‌സിക്യൂട്ടീവ് എൻജിനീയർ ശ്രീകല, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ആശ, എ.ഇ. നീത് ആന്റണി തുടങ്ങിയവർ പങ്കെടുത്തു. പറവൂർ ഡിവിഷൻ പരിധിയിൽ അറുന്നൂറിലേറെ പേർ സൗര പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു കെ.എസ്.ഇ.ബി. അധികൃതർ അറിയിച്ചു.