കോലഞ്ചേരി: സാലറിചലഞ്ച് തിരികെ ലഭിച്ചപ്പോൾ വീട് നഷ്ടപ്പെട്ട കുട്ടികൾക്ക് വീടു നൽകി അദ്ധ്യാപകരുടെ ദുരിതാശ്വാസ ചലഞ്ച്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ തുക തിരികെ കിട്ടിയപ്പോഴാണ് സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അടച്ചുറപ്പുള്ള വീടുണ്ടാക്കി നൽകി കോലഞ്ചേരി സെന്റ് പീറ്റേഴ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറിയിലെ അദ്ധ്യാപകർ മാതൃകയായത്. സ്കൂളിലെ അപർണക്കും അതുലിനുമാണ് വീട് നിർമ്മിച്ച് നൽകിയത്.

കഴിഞ്ഞ മെയ് 14 ന് അർദ്ധരാത്രിയുണ്ടായ കാ​റ്റിൽ ഇവരുടെ വീട് പൂർണ്ണമായും തകർന്നിരുന്നു. സൗത്ത് മഴുവന്നൂർ കൊരകുന്നേൽ മനോജിന്റെ മക്കളാണിവർ. വീട്ടിലുണ്ടായിരുന്നവർ ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്. കിടപ്പാടം നഷ്ടപെട്ട വിദ്യാർത്ഥികളുടെ ദുരവസ്ഥ മനസിലാക്കിയ സ്‌കൂളിലെ സ്​റ്റാഫംഗങ്ങൾ വീട് നിർമ്മാണത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്‌കൂളിലെ ജീവനക്കാരും ശമ്പളത്തിൽ നിന്നും സർക്കാർ പിടിച്ച തുക തിരികെ നൽകിയത് മുഴുവനായും വീട് നിർമ്മാണത്തിനായി ചെലവഴിച്ചു. ഏഴര ലക്ഷം രൂപയോളം ചെലവഴിച്ച് നിർമ്മിച്ച വീട് രണ്ടരമാസം കൊണ്ട് പണിപൂർത്തിയാക്കി. രണ്ട് കിടപ്പ് മുറികൾ. ഡൈനിംഗ് ഹാൾ, സ്വീകരണ മുറി, സി​റ്റ് ഔട്ട്, അടുക്കള, ടോയ്‌ല​റ്റ് എന്നീ സൗകര്യങ്ങൾ വീട്ടിൽ ഒരുക്കിയിട്ടുണ്ട്