ആലുവ: എടത്തല പഞ്ചായത്ത് പൊലീസിൽ പരാതി നൽകിയതോടെ 10ാം വാർഡിൽ കെ.എം.ഇ.എ കോളേജിന് സമീപമുള്ള മോച്ചാംകുളത്തിൽ ശുദ്ധജല മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത് വിവാദമായി.

ശോചിനീയാവസ്ഥയിലായിരുന്ന കുളം പ്രദേശിക ക്ലബ്ബ് അംഗങ്ങൾ ചേർന്ന് ശുചീകരിക്കുകയും തുടർന്ന് ജനങ്ങൾ ഉപയോഗിക്കുകയുമായിരുന്നു. പിന്നീട് കുളം നവീകരിച്ച് ക്ളബ് അംഗങ്ങളുടെ ആവശ്യപ്രകാരം ശുദ്ധജലമത്സ്യങ്ങൾ നിക്ഷേപിക്കാൻ കോൺഗ്രസിന്റെ കീഴിലുള്ള ചാരിറ്റി സംഘടന മുന്നിട്ടിറങ്ങി. ഇതിനെതിരെ സി.പി.എം മാളേയ്ക്കപ്പടി ബ്രാഞ്ച്കമ്മിറ്റി നൽകിയ പരാതിയെ തുടർന്ന് കുളത്തിൽ മത്സ്യ നിഷേപം നടത്തുന്നത് വിലക്കി പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകി. ഇതിനിടെ യൂത്ത് കോൺഗ്രസ് കുളത്തിൽ മത്സ്യനിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചു. തുടർന്നാണ് പഞ്ചായത്ത് എടത്തല പൊലീസിൽ പരാതി നൽകിയത്.

എന്നാൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുമെന്ന് യൂത്ത് കോൺഗ്രസ് വീണ്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. കുളത്തിൽ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കാൻ സി.പി.എമ്മിന്റെ തിട്ടൂരം വേണമെന്നത് അംഗീകരിക്കാനാകില്ലെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.