ആലുവ: ആറ് മാസം മുൻപ് എടത്തലയിലെ പഞ്ചായത്ത് റോഡിൽ നിന്നും സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിന്നും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മണ്ണ് കടത്തിയ സംഭവത്തിൽ കോടതി നിർദ്ദേശപ്രകാരം എടത്തല പൊലീസ് കേസെടുത്തിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആക്ഷേപം.
സ്വകാര്യ ഭൂമിയുടെ ഉടമ എടത്തല മാളിയേക്കപ്പടി സ്വദേശി കൊരങ്ങാട്ടുപറമ്പ് വീട്ടിൽ സുബൈർ ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ പരാതിയെ തുടർന്നാണ് 38 പേരെ പ്രതികളാക്കി കേസെടുത്തത്. പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ കോടതിയലക്ഷ്യത്തിന് പരാതി നൽകുമെന്നും പരാതിക്കാരൻ പറഞ്ഞു. നേരത്തെ പൊലീസിന് നേരിട്ട് പരാതി നൽകിയിട്ടും രാഷ്ട്രീയ സമ്മർദത്തിൽ കേസെടുത്തിരുന്നില്ലെന്ന് സുബൈർ ആരോപിച്ചു. ബ്ളോക്ക് - ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്. പഞ്ചായത്തിന്റെ 2.50 മീറ്റർ വീതിയുള്ള കോരങ്ങാട്ട് ചാൽ ടാർ റോഡാണ് വീതി കൂട്ടുന്നതിനായി സുബൈറിനെ തെറ്റിദ്ധരിപ്പിച്ച് പ്രതികൾ അനുമതി വാങ്ങിയ ശേഷം മണ്ണ് കടത്തിയത്. പഞ്ചായത്തിന്റെയും സുബൈറിന്റെയും സ്ഥലത്ത് നിന്ന് മണ്ണ് കടത്തി. കൺസ്ട്രക്ഷൻ കമ്പനി ഗ്രൂപ്പിൽ നിന്നും പണം വാങ്ങി നൽകാമെന്നും മതിലും കാനയും ഗേറ്റും പണിത് തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു.
പഞ്ചായത്തിന്റെ അനുമതിയില്ലാതെ പഞ്ചായത്തിന്റെ സ്ഥലത്ത് നിന്ന് മാത്രം അഞ്ച് ലക്ഷം രൂപയുടെ മണ്ണ് കടത്തി. വാഗ്ദാനം നിറവേറ്റാൻ പ്രതികളെ സമീപിച്ചപ്പോഴാണ് തെറ്റിദ്ധരിപ്പിച്ചതാണെന്ന് സുബൈറിന് മനസിലായത്. തുടർന്ന് പൊലീസിനെയും കോടതിയെയും സമീപിക്കുകയായിരുന്നു. ഇതിന് പിന്നാലെ സുബൈറിനെയും കുടുംബത്തെയും പ്രതികൾ അക്രമിച്ചു. ഈ സംഭവത്തിൽ രണ്ട് കേസുകൾ കൂടി പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്വന്തം സ്ഥലത്ത് നിന്ന് മണ്ണ് കടത്തിയത് അന്വേഷിച്ച് നടപടിയെടുക്കാൻ പഞ്ചായത്ത് അധികൃതരും ഇതുവരെ തയ്യാറായിട്ടില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.