ആലങ്ങാട്: പാനായിക്കുളം എഴുവച്ചിറയിലെ അര ഏക്കറിൽ വിളവെടുപ്പിനു പാകമായ പീച്ചിങ്ങ കൃഷി സാമൂഹികവിരുദ്ധർ നശിപ്പിച്ചു. കൊടുവഴങ്ങ തോപ്പിൽ സുനിലിന്റെ ഭാര്യ എസ്‌റ്റെല്ലയുടെ കൃഷിയാണ് കഴിഞ്ഞ ദിവസം രാത്രി നശിപ്പിച്ചത്. 65 കട പീച്ചിങ്ങ കരിഞ്ഞുണങ്ങി. സംഭവത്തിൽ കർഷകയായ എസ്റ്റെല്ല പൊലീസിൽ പരാതിപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫിന്റെ നിർദ്ദേശപ്രകാരം കൃഷി ഓഫിസർ ചിന്നു ജോസഫ് പരിശോധന നടത്തി. വീര്യം കൂടിയ രാസലായനി ഉപയോഗിച്ചാണ് കൃഷി നശിപ്പിച്ചതെന്ന് കൃഷി ഓഫിസർ അറിയിച്ചു. കൊവിഡ് പ്രതിസന്ധിയെ തുടർന്നാണ് എസ്‌റ്റെല്ല കൃഷിയിലേക്ക് ഇറങ്ങിയത്. വനിതാകർഷകയുടെ പച്ചക്കറി കൃഷി നശിപ്പിച്ചവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.