udf
വാഴക്കുളം ബ്ളോക്ക് പഞ്ചായത്തിലെ പ്രതിപക്ഷാംഗങ്ങൾ ഓഫീസിന് മുമ്പിൽ കുത്തിയിരിക്കുന്നു

ആലുവ: ഫണ്ട് വിനിയോഗം ചർച്ചചെയ്യണമെന്ന ആവശ്യം നിരാകരിച്ചതിനെത്തുടർന്ന് വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് കമ്മിറ്റിയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ ഉന്തുംതള്ളും. ഇരുവിഭാഗത്തിലേയും അംഗങ്ങൾക്ക് പരിക്കേറ്റു.

2021 - 22 വർഷത്തെ പദ്ധതികളുടെ ഫണ്ട് വിനിയോഗത്തിൽ ക്രമക്കേടുണ്ടായിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ വിനിയോഗം സംബന്ധിച്ച് ചർച്ച നടത്തണമെന്നുമാവശ്യപ്പെട്ട് ഒമ്പത് പ്രതിപക്ഷ അംഗങ്ങൾ സെക്രട്ടറിക്ക് നോട്ടീസ് നൽകിയിരുന്നു. ഇതേത്തുടർന്ന് വിളിച്ച യോഗത്തിൽ പദ്ധതി അവലോകനമെന്നാണ് അജണ്ടയിൽ രേഖപ്പെടുത്തിയിരുന്നത്. അതിനാൽ ക്രമക്കേട് വിഷയം ചർച്ചചെയ്യാനാകില്ലെന്ന് ഭരണപക്ഷം നിലപാട് സ്വീകരിച്ചതോടെ ബഹളമായി. പ്രതിപക്ഷാംഗമായ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഷാജിത നൗഷാദിനെ ഭരണപക്ഷം തടഞ്ഞുവച്ചു. ഇത് ചോദ്യംചെയ്ത ഷെമീർ തുകലനും സിറാജും തമ്മിലാണ് ഉന്തും തള്ളുമുണ്ടായതും കാലുകൾക്ക് പരിക്കേറ്റതും. തങ്ങളെ കൈയേറ്റം ചെയ്തെന്നാരോപിച്ച് പ്രതിപക്ഷ അംഗങ്ങൾ ബ്ളോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുത്തിയിരുന്നു.

ഭരണം ഒരു വർഷം പിന്നിട്ടപ്പോൾ പഞ്ചായത്തിലെ പ്രവർത്തനങ്ങളെ 50 വർഷത്തോളം പിന്നാട്ടടിപ്പിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പദ്ധതിവിഹിതം ചെലവഴിക്കാൻപോലും കഴിയാത്ത അവസ്ഥയാണെന്ന് പ്രതിപക്ഷ മെമ്പർമാരായ ഷെമീർ തുകലൻ, ലാലൻ കെ. മാത്യു, ഷാജിത നൗഷാദ്, സതി ഗോപി, രാജു, ലിസി സെബാസ്റ്റ്യൻ, ആബിദ ശരീഫ്, സജ്‌ന നസീർ, അശ്വതി രതീഷ് എന്നിവർ പറഞ്ഞു.