ആറാട്ട് ഉത്സവം ഇന്ന്
കൊച്ചി: കൊവിഡ് ആശങ്കകൾ ഭക്തിയിൽ അലിയിച്ച് എറണാകുളത്തപ്പന്റെ പകൽപ്പൂരം എറണാകുളം നഗരത്തെ ഉത്സവലഹരിയിലാഴ്ത്തി. ചിറക്കൽ കാളിദാസൻ, ഈരാറ്റുപേട്ട അയ്യപ്പൻ, മധുരപ്പുറം കണ്ണൻ എന്നീ ഗജവീരന്മാർ അണിനിരന്ന പകൽപ്പൂരം കാണാൻ നിരത്തിലും ഡർബാർഹാൾ മൈതാനിയിലും ജനങ്ങൾ നിറഞ്ഞു. വൈകീട്ട് മൂന്നിന് കരിയന്നൂർ നാരായണൻ നമ്പൂതിരി, കോട്ടക്കൽ രവി, തിച്ചൂർ മോഹനൻ, മച്ചാട് രാമചന്ദ്രൻ, ചേലക്കര സൂര്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള പഞ്ചവാദ്യ അകമ്പടിയോടെയാണ് എഴുന്നള്ളിപ്പ് ആരംഭിച്ചത്.
ഡർബാർഹാൾ ഗ്രൗണ്ടിൽ പെരുവനം കുട്ടൻമാരാരും സംഘവുമൊരുക്കിയ ഗംഭീരപാണ്ടിമേളം ആസ്വാദകരെ ത്രസിപ്പിച്ചു. മിനി കരിമരുന്നുപ്രയോഗവും രാത്രി 11ന് വിളക്ക് എഴുന്നള്ളിപ്പും നടന്നു.
ആറാട്ട് ദിനമായ ഇന്ന് രാവിലെ പെരുവനം ശങ്കരനാരായണന്റെ പ്രമാണത്തിൽ പഞ്ചാരിമേളം ശീവേലിയുണ്ട്. വൈകിട്ട് കൂട്ടവെടി, കൊടിയിറക്കൽ ചടങ്ങുകൾക്കുശേഷം 7.30ന് ആറാട്ട് പുറപ്പാട്. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ദേശപ്പറകളെടുത്ത് എഴുന്നള്ളിപ്പ് ഡർബാർഹാൾ ഗ്രൗണ്ടിലെത്തും. പാണ്ടിമേളത്തിനും മിനി കരിമരുന്നുപ്രയോഗത്തിനുംശേഷം തിരിച്ചെഴുന്നള്ളത്ത്. കൊടിക്കൽ പറ, 25 കലശം.
ഏലൂർ ബിജുവിന്റെ സോപാനസംഗീതം, നൃത്തം, ഭക്തിഗാനമേള, സംഗീതക്കച്ചേരി, ആർട്ടിസ്റ്റ് പൊന്നന്റെ 'സൂര്യനെ പ്രണയിച്ച സുന്ദരി' കഥാപ്രസംഗം, ഭജന, നാമസങ്കീർത്തനം എന്നീ പരിപാടികൾ വിവിധ വേദികളിലായി ഇന്ന് അരങ്ങേറും.