rebin
അപകടത്തിൽ മരിച്ച റെബിൻ

കടമക്കുടി: വാടകയ്‌ക്കെടുത്ത ന്യൂജെൻ ബൈക്കുമായി കടമക്കുടിയിൽ ഫോട്ടോ ഷൂട്ടിനിറങ്ങിയ സ്കൂൾ വിദ്യാർത്ഥികൾ ബൈക്ക് മരത്തിലിടിച്ച് മരിച്ചു. കടമക്കുടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ഒളനാട് പുഞ്ചക്കുഴി കുരിശുപറമ്പിൽ ബാവേലി ലിജോയുടെ മകൻ റെബിൻ (17), ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥി മുട്ടിനകം കാട്ടിൽ ഉണ്ണിയുടെ മകൻ വൈഷ്ണവ് (17) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് അപകടം.

സ്‌കൂളിൽനിന്ന് ക്ളാസ് കഴിഞ്ഞിറങ്ങിയ ഇരുവരും സുഹൃത്ത് വാടകയ്ക്കെടുത്ത് നൽകിയ ബൈക്കുമായി കടമക്കുടി റോഡിൽ ചരിയംതുരുത്ത് ഭാഗത്തേയ്ക്ക് ഷോട്ടോഷൂട്ടിനായി പോകുന്നതിനിടെ നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും ആസ്റ്റർമെഡ്സിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ. ഇന്ന് രാവിലെ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. വരാപ്പുഴ പൊലീസ് കേസെടുത്തു. സന്ധ്യയാണ് വൈഷ്ണവിന്റെ അമ്മ. സഹോദരി: വിസ്മയ. റെബിന്റെ മാതാവ് പരേതയായ ഫിലോമിന. രണ്ട് സഹോദരിമാരുണ്ട്.