കൊച്ചി: കൊച്ചിയിൽ മോഡലുകൾ മരിച്ച കാർ അപകടക്കേസിലെ പ്രതികളായ റോയ് വയലാട്ടിനും സൈജു എം.തങ്കച്ചനും യുവതികളെ എത്തിച്ചിരുന്നത് പോക്സോ കേസിൽ പ്രതിയായ അഞ്ജലിയെന്ന് ഇവരുടെ കെണിയിൽനിന്ന് രക്ഷപെട്ട് പൊലീസിൽ പരാതി നൽകിയ പെൺകുട്ടി. കോഴിക്കോട് സ്വകാര്യ കൺസൽട്ടൻസി നടത്തുന്ന അഞ്ജലി സാമൂഹികമാദ്ധ്യമങ്ങളിലൂടെ ടെലികോളർ ജോലി വാഗ്ദാനംചെയ്താണ് യുവതികളെ അടുപ്പിക്കുന്നത്. പിന്നീട് പലകാരണങ്ങൾ പറഞ്ഞ് കൊച്ചിയിലെത്തിക്കും. മുന്തിയ ഹോട്ടലുകളിൽ താമസിപ്പിച്ചശേഷം പാർട്ടിയിലും മറ്റും പങ്കെടുപ്പിച്ചാണ് കുടുക്കുന്നത്. താനടക്കം ആറുപേർ ഇങ്ങനെയാണ് കൊച്ചിയിൽ എത്തിയത്. അവർ നമ്പ‌ർ 18 ഹോട്ടലിൽ കൊണ്ടുപോയിരുന്നു. പലരും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു. ഇതൊക്കെ കണ്ട് ഭീതിയിലായതോടെ അവിടെനിന്ന് രക്ഷപെട്ടതായി യുവതി കേരളകൗമുദിയോട് പറഞ്ഞു.

ഒമ്പതുപേ‌ർ റോയിക്കും സൈജുവിനുമെതിരെ രഹസ്യമൊഴി നൽകിയിട്ടുണ്ട്. നിരവധിപേ‌ർ പരാതിപ്പെടാൻ ഭയക്കുന്നവരുണ്ട്. മോഡലുകളുടെ അപകടമരണത്തിന് ശേഷമാണ് ഇക്കാര്യങ്ങളെല്ലാം താൻ ജില്ലാ പൊലീസ് മേധാവിയെക്കണ്ട് പരാതിപ്പെടുന്നത്. എല്ലാ കാര്യങ്ങളും കമ്മിഷണർക്ക് വാട്സ്ആപ്പിൽ മെസേജ് ചെയ്തിട്ടുണ്ട്. തനിക്കുമുമ്പ് അഞ്ജലിയുടെ സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന പെൺകുട്ടിയെ ഇവ‌ർ ലഹരിമരുന്ന് നൽകി അടിമയാക്കി. പരാതി നൽകിയതിന് പിന്നാലെ വിദേശത്ത് നിന്നുൾപ്പെടെ നിരവധി ഭീഷണിക്കാളുകളാണ് വരുന്നത്. പരാതി പിൻവലിക്കാൻ വൻതുകയും വാഗ്ദാനം ചെയ്തു.

സിനിമാ, സീരിയൽ താരങ്ങൾ മുതൽ രാഷ്ട്രീയ നേതാക്കൾവരെ നമ്പ‌ർ18ൽ അന്ന് ഉണ്ടായിരുന്നു. തങ്ങളെയും നിർബന്ധിച്ച് കോള കുടിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. മോഡലുകൾക്കും അവ‌ർ ലഹരി കോള നൽകിയിട്ടുണ്ടാകും. അതുകൊണ്ടാകാം അവർ അപകടത്തിൽപ്പെട്ടത്. തന്നെ ഭീഷണിപ്പെടുത്തിയതുൾപ്പെടെ പരാതി നൽകിയിട്ടുണ്ട്. തളിർ എന്ന സംഘടനയാണ് തനിക്കും കുടുംബത്തിനും താങ്ങായതെന്ന് യുവതി പറഞ്ഞു.