
കൊച്ചി: മഹാപ്രളയവും കൊവിഡും സൃഷ്ടിച്ച കടക്കെണിയിൽ നിന്ന് കരകയറാൻ ടൂറിസ്റ്റ് ബസുകൾ ആക്രിവിലയ്‌ക്ക് തൂക്കി വിൽക്കാനൊരുങ്ങുകയാണ് ടൂർ ഓപ്പറേറ്ററായ റോയ്സൺ ജോസഫ്. കിലോയ്‌ക്ക് 45 രൂപ മാത്രം! ഒമ്പതു ടണ്ണോളം വരും ഒരു ബസ്. ഒരു ബസിന് ഏകദേശം നാല് ലക്ഷം രൂപ! പത്തു വർഷത്തിലേറെ പഴക്കമുണ്ടെങ്കിലും റണ്ണിംഗ് കണ്ടിഷനിലുള്ള ബസിന് പത്ത് ലക്ഷം രൂപയെങ്കിലും കിട്ടുമ്പോഴാണ് റോയ്സൺ മൂന്ന് ബസുകൾ ആക്രി വിലയ്‌ക്ക് വിൽക്കുന്നത്. കേരളത്തിലെ ടൂർ ഓപ്പറേറ്റർമാരുടെ ദുരിതത്തിന്റെ നേർക്കാഴ്ചയാണിത്.
42 വർഷമായി ടൂറിസ്റ്റ് ബസ് ഓപ്പറേറ്ററാണ് റോയൽ ട്രാവൽസ് ഉടമ കാക്കനാട് സ്വദേശി റോയ്സൺ ജോസഫ് (58) . 2019 വരെ 35 ബസുണ്ടായിരുന്നു. ഇപ്പോൾ 10 എണ്ണം മാത്രം. കൊവിഡ് പ്രതിസന്ധിയിൽ കഴിഞ്ഞ ഒന്നര വർഷത്തിനിടയിലാണ് പത്ത് ബസുകൾ വിറ്റത്. വരുമാനം നിലച്ചതോടെ കമ്പനിയിലെ അൻപതോളം ജീവനക്കാരും പോയി.
2018ലെ പ്രളയത്തിന് ശേഷം വിനോദസഞ്ചാര മേഖല തകർന്നതോടെ റോയ്സൺ കടുത്ത ബാദ്ധ്യതയിലായി. റോഡ് ടാക്സ്, ഇൻഷ്വറൻസ്, മെയിന്റനൻസ്, ശമ്പളം തുടങ്ങി മുറുകുന്ന കുരുക്കുകൾ. രണ്ട് ബസുകൾ വിറ്റ് ബാദ്ധ്യതകൾ തീർത്തപ്പോഴാണ് 2020 മാർച്ചിൽ കൊവിഡിന്റെ വരവ്. വീണ്ടും ബാദ്ധ്യതകളിലേക്ക്.
2022ന്റെ തുടക്കത്തിൽ നേരിയ പ്രതീക്ഷ വന്നപ്പോൾ 2.5 ലക്ഷം മുതൽ 6 ലക്ഷം രൂപ വരെ ചെലവിട്ട് 10 ബസുകൾ അറ്റകുറ്റപ്പണി ചെയ്ത് റെഡിയാക്കി. 2022 ജനുവരി 1 മുതൽ ത്രൈമാസ നികുതിയായി 44,000 രൂപ വീതം അടച്ചു. ഒരു ബസിന് 9 ദിവസം നീണ്ട ഒരു ട്രിപ്പ് മാത്രമാണ് കിട്ടിയത്. അതിനിടയ്ക്കു വന്ന ഞായറാഴ്ച ലോക്ഡൗണിന്റെ പേരിൽ പൊലീസ് 2,000 രൂപ പിഴയടിച്ചു. പിന്നെ ഷെഡ്ഡിൽ കയറ്റിയ ബസ് നിരത്തു കണ്ടിട്ടില്ല. കടക്കാരുടെ ഉപദ്രവമേറിയപ്പോൾ കണ്ട രക്ഷാമാർഗ്ഗമാണ് ആക്രിവിലയ്ക്ക് വില്പന. മൂന്നെണ്ണം വിറ്റാൽ കുറേ ബാദ്ധ്യതകൾ തീർത്ത് വീട് പട്ടിണിയാകാതെ കഴിയാമല്ലോ. ബസ് വിൽക്കാൻ റോയ്സൺ ഫേസ്ബുക്കിലിട്ട കുറിപ്പ് വൈറലായിരുന്നു.
ഇളവില്ലെങ്കിൽ കൂട്ട ആത്മഹത്യ
കടക്കാരെ ഭയന്ന് പുലർച്ചെ വീടുവിടുന്ന ടൂറിസ്റ്റ് ബസ് ഉടമകൾ രാത്രി 12നാണ് തിരിച്ചെത്തുക. റോഡ് നികുതിയിളവും സർക്കാർ വാഗ്ദാനം ചെയ്ത വായ്പയും അനുവദിച്ചില്ലെങ്കിൽ പലരും ആത്മഹത്യ ചെയ്യും.
- റോയ്സൺ ജോസഫ്.
രണ്ട് കൊല്ലം മുമ്പ് കേരളത്തിൽ 14,000 ടൂറിസ്റ്റ് ബസുകൾ
ഇപ്പോൾ 12,000 ബസുകൾ
രണ്ട് മാസത്തിനുള്ളിൽ ബാങ്കുകളും കൊള്ളപ്പലിശക്കാരും പിടിച്ചെടുത്തത് 1,000 ബസുകൾ
3000ത്തോളം ബസുകൾ ജപ്തി നിഴലിൽ