
കൊച്ചി: കൊവിഡ് വ്യാപനത്തെത്തുടർന്ന് പ്രതിസന്ധിയിലായ കുടുംബശ്രീ സംരംഭകർക്കും കൃഷി സംഘങ്ങൾക്കും ആശ്വാസമേകുന്നതിനായി ആരംഭിച്ച കരുതൽ കാമ്പെയിനിന്റെ രണ്ടാം ഘട്ടത്തിനും മികച്ച വിജയം. സംരംഭകരെയും കൃഷിസംഘാംഗങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനും പ്രശ്‌നങ്ങൾ നേരിട്ട സംരംഭങ്ങൾ പുരനരുജ്ജീവിപ്പിക്കുന്നതിനും കൂടുതൽ വിപണന അവസരം ഒരുക്കിക്കൊടുക്കുന്നതിനുമായാണ് 2020-21 സാമ്പത്തികവർഷം മുതൽ 'കരുതൽ' കാമ്പെയിനിന് തുടക്കമിട്ടത്. ഇത് വിജയമായതിനെ തുടർന്നാണ് രണ്ടാംഘട്ടം ആരംഭിച്ചത്. രണ്ടാംഘട്ടത്തിൽ 2,20,59,650 രൂപയുടെ വിറ്റുവരവാണ് നേടിയത്. പത്തനംതിട്ട, വയനാട്, കണ്ണൂർ ജില്ലകളിൽ കാമ്പെയ്ൻ നടന്നിരുന്നില്ല. 65,354 കിറ്റുകളും വിതരണം ചെയ്തു. ചില ഇടങ്ങളിൽ ഇപ്പോഴും കാമ്പെയിനിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
 എന്താണ് കരുതൽ
സംരംഭകരുടെയും കൃഷിസംഘങ്ങളുടെയും ഉത്പന്നങ്ങൾ അയൽക്കൂട്ടാംഗങ്ങളിലേക്ക് കിറ്റുകളായി എത്തിക്കുന്നതാണ് കരുതൽ കാമ്പെയിൻ. അതത് ജില്ലയിലെ സംരംഭകരിൽ നിന്ന് ഉത്പന്നങ്ങളുടെ വിലവിവരവും മറ്റും ജില്ലാ മിഷനുകൾ ശേഖരിക്കും. ഇക്കാര്യം സി.ഡി.എസുകളെ അറിയിക്കും. സി.ഡി.എസുകൾ ഓരോ അയൽക്കൂട്ടത്തിനും എത്ര കിറ്റുകൾ വേണമെന്നുള്ള പട്ടിക തയാറാക്കി ജില്ലാ മിഷന് കൈമാറും. ജില്ലാ മിഷനുകൾ ഇത് അടിസ്ഥാനമാക്കി സംരംഭകരിൽ നിന്ന് ഉത്പന്നങ്ങൾ ശേഖരിച്ച് കിറ്റുകൾ തയാറാക്കി സി.ഡി.എസുകളിൽ എത്തിക്കും. അതേസമയം വിതരണത്തിനുള്ള പച്ചക്കറി കിറ്റുകൾ സി.ഡി.എസുകൾ സ്വയം തയാറാക്കുകയാണ് ചെയ്യുന്നത്. ഈ കിറ്റുകൾ ആവശ്യകത അനുസരിച്ച് അയൽക്കൂട്ടങ്ങളിലേക്ക് സി.ഡി.എസുകൾ എത്തിച്ച് നൽകും. ഓരോ അയൽക്കൂട്ടവും തങ്ങളുടെ സമ്പാദ്യത്തിൽ നിന്ന് വാങ്ങിയ കിറ്റുകളുടെ തുക സി.ഡി.എസിന് നൽകും. അതേസമയം അയൽക്കൂട്ടാംഗങ്ങൾ കിറ്റിന്റെ തുക പരമാവധി 20 തവണകളായി അയൽക്കൂട്ടങ്ങളിൽ തിരികെ അടയ്ക്കുകയാണ് ചെയ്യുന്നത്.
 കൊവിഡ് പ്രതിസന്ധിയിലായ സംരംഭകരെയും കർഷകരെയും സഹായിക്കുന്നതിനായി തുടങ്ങിയ കാമ്പെയിൻ മികച്ച വിജയമാണ് കൈവരിച്ചത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഇനിയും കുടുംബശ്രീയുടെ ഭാഗത്തു നിന്നുണ്ടാകും."
പി.ഐ. ശ്രീവിദ്യ
എക്‌സിക്യൂട്ടീവ് ഡയറക്ടർ
കുടുംബശ്രീ.