df

കൊച്ചി: സ്‌കൂൾ വിദ്യാർത്ഥികളുടെ മാസികാരോഗ്യ പരിചരണത്തിനും മറ്റുമായി നിയമിക്കപ്പെട്ട സൈക്കോസോഷ്യൽ കൗൺസിലർമാർക്ക് മുന്നിൽ എത്തുന്നത് എണ്ണമറ്റ പരാതികൾ. കുട്ടികളുടെ പ്രശ്‌നങ്ങൾ ചോദിച്ചറിയാനും പരിഹരിക്കാനും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതായതോടെ ഇവരുടെ ജോലിഭാരം വർദ്ധിച്ചു.

വീടുകളിലും പുറത്തും കുട്ടികൾ അനുഭവിക്കുന്ന ശാരീരിക- മാനസിക ചൂഷണങ്ങൾ പുറത്തെത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നവരാണ് സൈക്കോ സോഷ്യൽ കൗൺസിലർമാർ. കൊവിഡ് കാലത്ത് ഓൺലൈൻ ക്ലാസുകൾ തുടങ്ങിയതോടെ വീടുകളിലെത്തി വിദ്യാർത്ഥികളുടെ ക്ഷേമം തിരക്കേണ്ട അവസ്ഥയായി ഇവർക്ക്. ആവശ്യത്തിന് കൗൺസിലർമാർ ഇല്ലാത്തതുകാരണം ഒന്നിലേറെ സ്‌കൂളുകളുടെ ചുമതലയാണ് ഒരു സൈക്കോസോഷ്യൽ കൗൺസിലർക്കുള്ളത്. നിലവിൽ ജില്ലയിലെ 100ലേറെ സ്‌കൂളുകളിലായി 65ൽ താഴെ കൗൺസിലർമാർ മാത്രമാണ് ഉള്ളത്.

കൗൺസിലർ- വിദ്യാർത്ഥി അനുപാതത്തിലെ അപാകതകൾ മൂലം എല്ലാ വിദ്യാർത്ഥികൾക്കും വേണ്ടത്ര പരിഗണന നൽകാനാകുന്നില്ലെന്ന് വർഷങ്ങളായി ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറഞ്ഞു. കൂടുതൽ സൈക്കോ സോഷ്യൽ കൗൺസിലർമാരെ നിയമിക്കുമെന്ന് സർക്കാർ പറഞ്ഞിരുന്നെങ്കിലും നടപ്പായില്ല. വീടുകളിൽ നേരിടുന്ന പീഡനങ്ങൾ ഉൾപ്പെടെ പുറത്ത് പറയാൻ മടിക്കുന്ന കുട്ടികളുടെ പ്രശ്‌നങ്ങൾ അതിവേഗം മനസിലാക്കി പരിഹാരത്തിലേക്കെത്തിക്കുന്നത് സൈക്കോ സോഷ്യൽ കൗൺസിലർമാരാണ്. സംസ്ഥാനത്ത് കൂടുതൽ പോക്‌സോ കോടതികൾ തുടങ്ങാനുള്ള തീരുമാനം വന്നത് കുട്ടികളുമായി ബന്ധപ്പെട്ട കേസുകളും പ്രശ്‌നങ്ങളും മുൻവർഷങ്ങളേ അപേക്ഷിച്ച് കൂടുതൽ പുറത്തുവന്നതോടയാണ്. ഇതിൽ തങ്ങളുടെ പങ്ക് കൗൺസിലർമാർ പറയുന്നു.

പദ്ധതി

 വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിൽ

 നിയമനം ഹയർ സെക്കൻഡറി സ്‌കൂളുകളിൽ

 ഒരു സ്‌കൂളിന് ഒരു സൈക്കോസോഷ്യൽ കൗൺസിലർ എന്നതായിരുന്നു പദ്ധതി. എന്നാൽ ഇത് നടപ്പായില്ല.

ചുമതല

 കുട്ടികളുമായി സംസാരിച്ച് പ്രശ്‌നങ്ങൾ അറിയുക

 കൗൺസിലിംഗ്

 മനശാസ്ത്ര വിലയിരുത്തൽ

 മാനസിക പിന്തുണ

 കരിയർ ഗൈഡൻസ്

പോക്‌സോ കേസുകളെ ബാധിക്കുന്നു
കൃത്യസമയത്ത് കൗൺസിലർമാരുടെ സേവനം ലഭ്യമല്ലാത്തതിനാൽ കുട്ടികൾ മറ്റാരോടും തങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ പറയാതെ വരുന്നു. ഇത് പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നതിനു വരെ കാരണമാകുന്നുണ്ട്.

 ചുമതലയിലുള്ള കുട്ടികളുടെ എണ്ണം കൂടുമ്പോൾ അത് സൈക്കോസോഷ്യൽ കൗൺസിലർമാർക്ക് സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് ഏറെയാണ്. കൂടുതൽ കൗൺസിലർമാരെ നിയമിക്കണം.
വിദ്യ (പേര് സാങ്കൽപ്പികം)
സൈക്കോ സോഷ്യൽ കൗൺസിലർ,
എറണാകുളം