പറവൂർ: അജ്ഞാത വാഹനമിടിച്ച് തകർന്ന ആനച്ചാൽ - വഴിക്കുളങ്ങര റോഡിലെ വാണിയക്കാട് കലുങ്കിന്റെ കൈവരികൾ അടിയന്തിരമായി നന്നാക്കുവാൻ പൊതുമരാമത്ത് വകുപ്പിന്റെ നിയോജക മണ്ഡലാടിസ്ഥാനത്തിൽ നിയമിതനായ നോഡൽ ഓഫീസർക്ക് നിർദ്ദേശം നൽകിയതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. കുറച്ച് നാളുകൾക്ക് മുമ്പ് രാത്രി അജ്ഞാത വാഹനമിടിച്ചാണ് വാണിയക്കാട് പാലത്തിന്റെ കൈവരികൾക്ക് കേടുപാട് സംഭവിച്ചത്. ഇത് കാൽ നടയാത്രക്കാർക്കും പാലത്തിനടിയിലൂടെ വഞ്ചിയിൽ സഞ്ചരിക്കുന്നവർക്കും അപകടം ഉണ്ടാകുമെന്ന് പരാതിയുണ്ടായിരുന്നു. അജ്ഞാത വാഹനമായതിനാൽ നഷ്ടപരിഹാരം ലഭിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് പൊലീസ് വകുപ്പിലേക്ക് പരാതിയിരുന്നു. എന്നാൽ തുടർനടപടികൾ ഉണ്ടായില്ല. ഇനിയും വൈകിക്കാതെ കൈവരികൾ നന്നാക്കുവാൻ നോഡൽ ഓഫീസർക്ക് നിർദ്ദേശം നൽകിയത്. പ്രവർത്തിക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും പ്രതിപക്ഷനേതാവ് അറിയിച്ചു.