
ആലുവ: പാണൻ സമുദായത്തിലെ നാല് സംഘടനകൾ ചേർന്ന് പാണൻ ഏകോപന സമിതി രൂപീകരിച്ചതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അഖില കേരള പാണൻ സമുദായം, കേരള പാണൻ കൾച്ചറൽ സൊസൈറ്റി, തിരുവരങ്ങ് സാമുദായിക സാംസ്കാരിക വേദി, കേരള പാണൻ സമാജം എന്നീ സംഘടനകളാണ് ഇതിലുള്ളത്. ഭാരവാഹികളായി ഡോ. പി. ശിവാനന്ദൻ, സി. കൃഷ്ണൻ (രക്ഷാധികാരികൾ), പി.എൻ. സുകുമാരൻ (പ്രസിഡന്റ്), എം.ടി. രാജേന്ദ്രൻ (വർക്കിംഗ് പ്രസിഡന്റ്), ടി.പി. കനകദാസ് (ജനറൽ സെക്രട്ടറി), സുനിൽ വല്ലംചുഴി (ഓർഗനൈസിംഗ് സെക്രട്ടറി), എൻ. രവീന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
പൂർണമായും എസ്.സി, എസ്.ടി ഫണ്ട് വിനിയോഗിച്ചുള്ള പാലക്കാട് മെഡിക്കൽ കോളേജ് അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായിട്ടാണ് മെഡിക്കൽ കോളേജ് ഭൂമിയിൽ കക്കൂസ് മാലിന്യ സംസ്കരണ പ്ളാന്റ് സ്ഥാപിക്കാൻ നീക്കം നടത്തുന്നത്. തീരുമാനത്തിൽ നിന്ന് സർക്കാർ പിൻവാങ്ങിയില്ലെങ്കിൽ സമരമാരംഭിക്കാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് പി.എൻ. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.