മുവാറ്റുപുഴ: രാജ്യത്തെ ക്രിസ്തീയ സ്ഥാപനങ്ങൾക്കും പുരോഹിതരുൾപ്പടെയുള്ള വിശ്വാസികൾക്കെതിരെയും ആക്രമണങ്ങൾ വർദ്ധിച്ചു വരുമ്പോൾ കേന്ദ്ര സർക്കാർ മൗനം പാലിക്കുകയാണെന്ന് ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ് ലോക്സഭയിൽ പറഞ്ഞു. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി സംസാരിക്കുകയായിരുന്നു എം.പി . കർണ്ണാടക മുതൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എല്ലായിടത്തും കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ക്രിസ്തീയ സ്ഥാപനങ്ങൾക്കെതിരെയും വിശ്വാസികൾക്കെതിരെയും നടന്ന ആക്രമണങ്ങളിൽ 400-ൽ അധികം കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളതെന്ന് എം.പി. പറഞ്ഞു. ഭരണകൂടങ്ങൾ ഇത്തരം കേസുകളിൽ മൗനം പാലിക്കുകയും അക്രമികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ്. ബജ്റംഗ്ദൾ, വി.എച്ച്.പി, തുടങ്ങി വലതുപക്ഷ തീവ്ര നിലപാടുള്ള സംഘങ്ങളാണ് ഈ അക്രമങ്ങളുടെ പിന്നിലെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിച്ച് ഭരണഘടനയുടെ 25-ം അനുഛേദം നൽകിയിട്ടുള്ള മതപരമായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം അവസാനിപ്പിക്കണമെന്നും എം.പി. ലോക് സഭയിൽ ആവശ്യപ്പെട്ടു .