കൊച്ചി: സംസ്ഥാന സർക്കാരിന്റെ അവഗണനയും വായ്പ തിരിച്ചുപിടിക്കാനുള്ള ഗുണ്ടാസംഘങ്ങളുടെ ആക്രമണവും അതിജീവിക്കാനാവാതെ ടൂറിസ്റ്റ് ബസ് ഉടമകൾ പ്രതിസന്ധിയിലാണെന്ന് കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ.
കൊവിഡ് മഹാമാരിയെ തുടർന്ന് പ്രതിസന്ധിയിലായ വാഹന ഉടമകളെ സംസ്ഥാന സർക്കാരും വേട്ടയാടുകയാണ്. റോഡ് നികുതിയിൽ ഒരുവർഷത്തെ ഇളവും അതിജീവനത്തിന് പുതിയ ബാങ്ക് വായ്പയുമെന്ന ബസ് ഉടമകളുടെ ആവശ്യം സർക്കാർ അംഗീകരിക്കുന്നില്ല. സർവീസ് ബസുകൾക്ക് നികുതി ഇളവ് അനുവദിച്ചപ്പോഴും ടൂറിസ്റ്റ് വാഹനങ്ങളെ അവഗണിച്ചത് ഇരട്ടത്താപ്പാണ്. കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ സ്റ്റേജ് കാര്യേജ് വാഹനങ്ങൾക്ക് റോഡ് നികുതി അടയ്ക്കാൻ സാവകാശം അനുവദിച്ചിട്ടുണ്ട്. അതേ പ്രതിസന്ധിയിൽ നിൽക്കുന്ന കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾക്ക് നികുതി കർശനമാക്കുകയും ചെയ്തു. നികുതിയടച്ച വാഹനങ്ങൾ റോഡിലിറങ്ങുമ്പോൾ എന്തെങ്കിലും കാരണം കണ്ടുപിടിച്ച് പിഴ അടപ്പിക്കുകയും ചെയ്യുകയാണ്. വാഹന ഉടമകളെ സഹായിക്കാൻ കേരള ബാങ്കുവഴി 2 ലക്ഷം രൂപ വായ്പ അനുവദിക്കുമെന്ന് പറഞ്ഞെങ്കിലും കാര്യത്തോടടുത്തപ്പോൾ സിബിൽ സ്‌കോർ നിർബന്ധമാക്കി. അതോടെ വാഗ്ദാനം ചെയ്ത പദ്ധതിയുടെ ഗുണം 90 ശതമാനം വാഹന ഉടമകൾക്കും കിട്ടിയുമില്ല.
അതിനിടെ അന്യസംസ്ഥാന ധനകാര്യസ്ഥാപനങ്ങൾ ഗുണ്ടകളെ ഉപയോഗിച്ച് വാഹനം തട്ടിയെടുക്കുകയാണ്. മുൻകൂർ ബൂക്കിംഗ് എന്ന വ്യാജേന ബാങ്ക് അക്കൗണ്ടിലൂടെ അഡ്വാൻസ് നല്കിയശേഷമാണ് വാഹനം അതിർത്തിക്കപ്പുറമെത്തിച്ച് തട്ടിയെടുക്കുന്നത്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും ടൂറിസ്റ്റ് വാഹനങ്ങൾക്ക് രണ്ടുവർഷത്തെ നികുതി ഒഴിവാക്കി കൊടുത്ത മാതൃക കേരളത്തിലും നടപ്പിലാക്കണം. കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾക്ക് 3 മാസത്തെ മുൻകൂർ നികുതി എന്നതിന് പകരം അതത് മാസം അടയ്ക്കുന്നതിന് നടപടിയുണ്ടാവണമെന്നും കേരള കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ബിനുജോൺ, ജില്ലാ പ്രസിഡന്റ് എ.ജെ.റിജാസ് ജില്ലാ ജനറൽ സെക്രട്ടറി അനൂപ് മഹാദേവ് എന്നിവർ പങ്കെടുത്തു.