ആലുവ: മഹാശിവരാത്രിയും സർവ്വമത സമ്മേളനവും പടിവാതിൽക്കലെത്തിയ സാഹചര്യത്തിൽ അദ്വൈതാശ്രമം ഗുരുമന്ദിരംകടവ് നവീകരണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്ന് എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ ആവശ്യപ്പെട്ടു. ഇറിഗേഷൻ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒരു വർഷം മുമ്പാരംഭിച്ച നവീകരണം ഇഴഞ്ഞാണ് നീങ്ങുന്നത്. മാർച്ച് ഒന്നിന് നടക്കുന്ന ബലിതർപ്പണ ചടങ്ങുകളെ പ്രതികൂലമായി ബാധിക്കാതെ, ഗുണനിലവാരത്തോടെ നവീകരണം പൂർത്തിയാക്കണമെന്നും ഡോ. സോമൻ ആവശ്യപ്പെട്ടു. വിഷയം അൻവർ സാദത്ത് എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തി. യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥനും കടവ് സന്ദർശനവേളയിൽ പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.
ബണ്ട് നിർമ്മാണം പുരോഗമിക്കുന്നു
ചോർച്ചയില്ലാത്ത വിധം ബണ്ട് നിർമ്മാണം പുരോഗമിക്കുന്നുണ്ടെന്ന് ഇറിഗേഷൻ വകുപ്പ് അസി. എക്സിക്യുട്ടീവ് എൻജിനിയർ പ്രവീൺലാൽ 'കേരളകൗമുദി'യോട് പറഞ്ഞു. ഇന്നലെ വൈകിട്ടോടെ ബണ്ടിനകത്തെ വെള്ളം പമ്പ് ചെയ്ത് പുഴയിലേക്ക് ഒഴുക്കുന്നത് ആരംഭിച്ചു. ചോർച്ചയില്ലെന്ന് ഉറപ്പായാൽ അടുത്ത ദിവസം കടവിന്റെ മറ്റ് നിർമ്മാണം ആരംഭിക്കും. 23നകം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.