ആലുവ: കൊവിഡ് മഹാമാരി സമയത്ത് സാമ്പത്തിക പ്രതിസന്ധിയിലായ ആലുവ ജില്ലാ ആശുപത്രിക്ക് നാല് കോടി രൂപയുടെ സഹായവുമായി ജില്ലാ പഞ്ചായത്ത്. 50 ലക്ഷം രൂപ മരുന്നുകൾക്കും 25 ലക്ഷം രൂപ ലാബ് റിയേജൻറുകൾക്കുമായി
അടിയന്തരസഹായമായി അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അറിയിച്ചു.
ജില്ലാ കൊവിഡ് ട്രീറ്റ്‌മെൻറ് സെന്റർ പ്രവർത്തിക്കുന്നത് ആലുവ ജില്ലാ ആശുപത്രിയിലാണ്. ഹീമോഫീലിയ രോഗികൾക്ക് മരുന്നുകൾ വാങ്ങുന്നതിനായി 32 ലക്ഷം രൂപ പ്രത്യേകമായി അനുവദിച്ചു. സംസ്ഥാനത്തെ ആദ്യത്തെയും ഏറ്റവും മികച്ചതുമായ ഹീമോഫീലിയ ട്രീറ്റ്‌മെന്റ് സെന്റർ പ്രവർത്തിക്കുന്നതും ഇവിടെയാണ്. ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും ഒരു കോടി രൂപ വിനിയോഗിച്ച് പണിയുന്ന ജീറിയാട്രിക്ക് വാർഡിന്റെ സിവിൽ വർക്കുകൾ പൂർത്തിയായി. 51 ലക്ഷം രൂപ വാർഡിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിതായി അനുവദിച്ചു. ജീറിയാട്രിക്ക് വാർഡിന്റെ ഇലക്ട്രിഫിക്കേഷന് 30 ലക്ഷം രൂപയും അനുവദിച്ചു. ലിഫ്റ്റിനായി അടുത്ത സാമ്പത്തിക വർഷം തുക വകയിരുത്തുമെന്നും ഉല്ലാസ് തോമസ് അറിയിച്ചു.
ഗോവർദ്ധനൻ പദ്ധതിയിൽപ്പെടുത്തി ബയോഗ്യാസ് നിർമ്മാണത്തിനായി 25 ലക്ഷം രൂപ അനുവദിച്ചു. ഒന്നരകോടി രൂപ ചെലവിൽ മലിന ജല സംസ്‌ക്കരണ പ്ലാന്റിന് വേണ്ടി ഡി.പി.ആർ തയ്യാറാക്കി മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. ബി.എസ്.എൻ.എൽ. ഓഫീസിന് സമീപം തകർന്ന ചുറ്റുമതിൽ നിർമ്മാണത്തിന് 4.9 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിനോട് ചേർന്ന് ജില്ലാ ആശുപത്രിയുടെ ചുറ്റുമതിൽ നിർമ്മാണപ്രവർത്തന ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, ആരോഗ്യം സ്ഥിരംസമിതി ചെയർമാൻ എം.ജെ. ജോമി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാരദ മോഹൻ, ഷാരോൺ പനക്കൽ, ഷൈമി വർഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ. പ്രസന്നകുമാരി, പി.ആർ. ശ്രീലത, പി.പി. ജെയിംസ്, എ.പി. ഉദയകുമാർ, തോപ്പിൽ അബു, പി. നവകുമാരൻ, ഡൊമിനിക്ക് കാവുങ്കൽ, കെ.പി. ഷാജി, രാജു തോമസ്, അശോക് കുമാർ, കെ.എം.എ. ജലീൽ, പ്രിൻസ് വെള്ളറക്കൽ, പി.എം. റഷീദ്, ഡോ.എൻ.വിജയകുമാർ, എം.ഐ. സിറാജ് എന്നിവർ പങ്കെടുത്തു.