
കൊച്ചി: മാരക സിന്തറ്റിക്ക് ലഹരിമരുന്നായ 'കാലിഫോർണിയ 9' എൽ.എസ്.ഡി സ്റ്റാമ്പുമായി ബി.ടെക്ക് വിദ്യാർത്ഥി എക്സൈസിന്റെ പിടിയിലായി. ഇടുക്കി കാഞ്ചിയാർ പേഴുക്കണ്ടം സ്വദേശി തെക്കേചെരുവിൽ വീട്ടിൽ ആഷിഖ് ടി. സുരേഷാണ് (23) അഞ്ച് എൽ.എസ്.ഡി സ്റ്റാമ്പുകളുമായി അറസ്റ്റിലായത്. രാജ്യത്ത് ലഭ്യമായ ഏറ്റവും വീര്യം കൂടിയ എൽ.എസ്.ഡി സ്റ്റാമ്പാണിത്.
കഴിഞ്ഞ ദിവസം വൈറ്റിലയിൽ നിന്ന് എം.ഡി.എം.എയുമായി ഒരാളെ എക്സൈസ് പിടികൂടിയിരുന്നു. ഈ കേസിന്റെ തുടരന്വേഷണത്തിലാണ് ആഷിഖ് കുടുങ്ങിയത്. ബംഗളൂരുവിൽ നിന്ന് ഒന്നിന് 2000 രൂപ നിരക്കിൽ തപാൽ മാർഗമാണ് ഇയാൾ എൽ.എസ്.ഡി സ്റ്റാമ്പുകൾ എത്തിക്കുന്നത്. 7,000 രൂപയ്ക്ക് മറിച്ചുവിൽക്കും. ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചാണ് ആഷിഖിനെ കുടുക്കിയത്.
ആഡംബര ജീവിതം നയിച്ചിരുന്ന ആഷിഖിന്റെ കസ്റ്റമർമാരെ കണ്ടെത്തി കൂടുതൽ വിവരങ്ങൾ ശേഖരിക്കും. പിടിയിലാകുന്നവർക്ക് കൗൺസലിംഗും ചികിത്സയും നൽകും. എറണാകുളം റേഞ്ച് ഇൻസ്പെക്ടർ എം.എസ് ഹനീഫയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ കെ.ആർ. രാം പ്രസാദ്, കെ.വി. ബേബി, പ്രിവന്റീവ് ഓഫീസർ കെ.യു. ഋഷികേശൻ, എസ്. സുരേഷ് കുമാർ, ഷാഡോ ടീം അംഗങ്ങളായ എൻ.ഡി. ടോമി, എൻ.ജി. അജിത്ത് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജോമോൻ, ജിതീഷ് എന്നിവരുമുണ്ടായിരുന്നു.
കാലിഫോർണിയ 9
124 തരം എൽ.എസ്.ഡി സ്റ്റാമ്പുകളാണ് ലോകത്ത് പ്രചാരത്തിലുള്ളത്. ഇതിൽ ഏറ്റവും മാരകമാണ് 'കാലിഫോർണിയ 9'. 20 പേരുകളിൽ വ്യത്യസ്ത രൂപങ്ങളിലായാണ് ത്രീ ഡോട്ട് വിഭാഗത്തിൽപ്പെടുന്ന ഇവ വിറ്രഴിക്കപ്പെടുന്നത്. അഞ്ച് എൽ.എസ്.ഡി സ്റ്റാമ്പ് കൈവശം വയ്ക്കുന്നത് 10 വർഷം വരെ കഠിനതടവ് ലഭിക്കാവുന്ന കുറ്റമാണ്. ഇവയുടെ അളവ് അൽപ്പം കൂടിയാൽ മരണം സംഭവിക്കും.
മേഡ് ഇൻ ബംഗളൂരു
പ്രാഥമിക അന്വേഷണത്തിൽ ബംഗളൂരുവിലുൾപ്പെടെ എൽ.എസ്.ഡി സ്റ്റാമ്പ് മാനുഫാക്ചറിംഗ് യൂണിറ്റുകൾ പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ ആഫ്രിക്കക്കാരാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു. കർണാടക പൊലീസിന്റെ സഹായത്തോടെ ഇവരെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് എക്സൈസ്.