
കൊച്ചി: സർവകലാശാലയിലെ സോഫ്റ്റ്‌വെയർ പിഴവിനെ തുടർന്നുള്ള അപാകതയുടെ പേരിൽ വിദ്യാർത്ഥികളുടെ ബിരുദ, മൈഗ്രേഷൻ സർട്ടിഫിക്കറ്റുകൾ തടഞ്ഞുവച്ചത് നീതികരിക്കാനാവില്ലെന്ന് ഹൈക്കോടതി. 2016-19 വർഷത്തെ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് ബിരുദ, മൈഗ്രേഷൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാത്ത കേരള സർവകലാശാലാ നടപടി ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് രാജ വിജയരാഘവന്റെ നിരീക്ഷണം.
ഒമ്പത് വിദ്യാർത്ഥികളാണ് ഹർജിക്കാർ. മൂന്നാഴ്ചയ്ക്കകം ഇവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാൻ കോടതി ഉത്തരവായി.
എന്നാൽ സോഫ്റ്റ്‌വെയർ തകരാർ മൂലം ഇവർ അർഹമായതിലുമധികം മോഡറേഷൻ നൽകാനിടയായെന്നായിരുന്നു സർവ്വകലാശാലയുടെ വിശദീകരണം. ടാബുലേഷൻ സോഫ്റ്റ്‌വെയറിന്റെ പിഴവ്മൂലം മോഡറേഷൻ നൽകുന്നതിൽ ക്രമക്കേടുണ്ടായതായി ആഭ്യന്തര വിദഗ്ദ്ധ സമിതിയും കണ്ടെത്തിയിരുന്നു. എന്നാൽ മാർക്ക് നേടാൻ വിദ്യാർത്ഥികൾ വഞ്ചനാപരമായ പ്രവൃത്തി ചെയ്തതായി സർവകലശാലയ്ക്ക് പോലും വാദമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.