തൃക്കാക്കര: കാക്കനാട് ബസ് ടെർമ്മിനൽ നിർമ്മാണം പ്രതിസന്ധിയിൽ. തൃക്കാക്കര നഗരസഭയ്ക്ക് സമീപം ബസ് ടെർമ്മിനൽ പദ്ധതിക്കായി റവന്യൂ വകുപ്പിന്റെ സ്ഥലത്ത് നിർമ്മാണ സർവേ നടത്താൻ അനുവദിക്കണമെന്ന നഗരസഭയുടെ ആവശ്യം റവന്യൂ വകുപ്പ് തള്ളി. നഗരസഭയ്ക്ക് പദ്ധതി നടപ്പിലാക്കാൻ റവന്യൂ സ്ഥലം ആവശ്യമുണ്ടെങ്കിൽ സർക്കാരിനെ സമീപിച്ച് അനുകൂലമായ ഉത്തരവ് വന്നശേഷം മാത്രമേ സർവേ അടക്കമുളള നടപടികളുമായി മുന്നോട്ട് പോകാനാവൂവെനാണ് റവന്യൂ അധികൃതരുടെ വാദം. റവന്യൂ വകുപ്പിന്റെ സ്ഥലത്ത് നഗരസഭയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി. തൃക്കാക്കര മുനിസിപ്പൽ ഓഫീസിന് സമീപത്തെ പഴക്കംചെന്ന ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ച് നഗരസഭാ ആസ്ഥാനമന്ദിരവും ബസ് ടെർമ്മിനലും വാണിജ്യസമുച്ചയവുമൊക്കെ ചേർത്ത് ' സ്മാർട്ട് ഹബ്ബ് നിർമ്മിക്കുന്നതാണ് പദ്ധതി. ഇതിനെതിരെയുള്ള തടസ്സം നീക്കാൻ വെള്ളിയാഴ്ച ചെയർപേഴ്സൺ അജിത തങ്കപ്പൻ ജില്ലാ കളക്ടർ ജാഫർ മാലിക്കിനെ കണ്ട് ചർച്ച നടത്തിയിരുന്നു. തൃക്കാക്കര നഗരസഭയോട് ചേർന്നുകിടക്കുന്ന ആറര ഏക്കറോളം സ്ഥലത്താണ് ബസ് ടെർമ്മിനൽ പദ്ധതി നടപ്പാക്കാൻ കൗൺസിൽ തീരുമാനിച്ചത് .പദ്ധതിയുടെ നിർമ്മാണപ്രവർത്തനങ്ങൾക്ക് മുന്നോടിയായുള്ള സർവേ രണ്ടാഴ്ച മുൻപ് കാക്കനാട് വില്ലേജ് അധികൃതർ തടഞ്ഞിരുന്നു.