roy-vayalatt

കൊച്ചി: പോക്സോ കേസിൽ കുടുങ്ങിയ ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ടിനും മറ്റു പ്രതികൾക്കുമെതിരെ പോക്സോയടക്കം കൂടുതൽ പീഡന പരാതികൾ പൊലീസിന് ലഭിച്ചതായി വിവരം. ഇരകളായ ഒമ്പത് പേർ രഹസ്യമൊഴി നൽകിയതായാണ് അറിയുന്നത്.

ഹോട്ടലിൽ റോയിയിൽ നിന്നും മറ്റും മോശം അനുഭവം നേരിട്ട യുവതികളാണ് പരാതിക്കാർ. ലൈംഗികമായ ദുരനുഭവമുണ്ടായ 16കാരിക്ക് പകരം അവരുടെ മാതാവാണ് മൊഴി നൽകിയത്. ഈ പെൺകുട്ടി മാനസികാഘാതത്തിൽ നിന്ന് ഇതുവരെ മുക്തയായിട്ടില്ല.

മോഡലുകൾ മരിച്ച കാറപകടക്കേസിൽ പ്രതിയായ സൈജു എം.തങ്കച്ചൻ, ഇയാളുടെ സുഹൃത്തും കോഴിക്കോട് സ്വദേശിനിയുമായ അഞ്ജലി എന്നിവരാണ് പോക്സോ കേസിലെ പ്രതികൾ. അഞ്ജലിയാണ് പെൺകുട്ടികളെ കൊച്ചിയിൽ എത്തിച്ചത്. അഞ്ജലിയുടെ സ്ഥാപനത്തിലെ ജോലിക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണയിലായതിനാൽ പൊലീസ് അറസ്റ്റിലേക്ക് കടന്നിട്ടില്ല. കോടതിയിൽ ജാമ്യത്തെ എതി‌ർക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.നാഗരാജു കേരളകൗമുദിയോട് പറഞ്ഞു. പ്രതികൾ മൂവരും ഒളിവിലാണ്.

കൂടുതൽപ്പേരെ പ്രതികൾ ഇരകളാക്കിയിട്ടുണ്ടെന്ന, സംഘത്തിൽ നിന്ന് രക്ഷപ്പെട്ട യുവതിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സിറ്റി പൊലീസിന്റെ പ്രത്യേക സംഘം സമഗ്രാന്വേഷണം ആരംഭിച്ചു.