കൊച്ചി: കോർപ്പറേഷനിൽ 2014ലെ സ്ട്രീറ്റ് വെണ്ടേഴ്‌സ് ആക്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി രൂപീകരിച്ച മോണിറ്ററിംഗ് കമ്മിറ്റിയുടെ നിർദ്ദേശത്തെ തുടർന്ന് പൊലീസ് സ്‌ക്വാഡുകളെ നിയമിച്ചു.

നഗരത്തിൽ ലൈസൻസില്ലാതെ വഴിയോര കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കുന്നതിനുള്ള മൾട്ടി ഏജൻസി എൻഫോഴ്‌സ്‌മെന്റ് സംഘത്തിലേക്കാണ് സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജു എട്ട് സബ് ഇൻസ്‌പെക്ടർമാർ ഉൾപ്പെട്ട നാല് സ്‌ക്വാഡിനെ നിയമിച്ചത്.

കോർപ്പറേഷൻ ലൈസൻസിംഗ് മാനദണ്ഡങ്ങൾ നടപ്പിലാക്കുമ്പോഴും വഴിയോരത്തെ കച്ചവടം ഒഴിപ്പിക്കുമ്പോഴും കോർപ്പറേഷൻ, സി.എസ്.എം.എൽ. ഓഫീസർമാർക്കും ഇവർ സംരക്ഷണം ഉറപ്പാക്കും. പൊലീസ് ഉദ്യോഗസ്ഥർ അവരുടെ അധികാര പരിധിയിലുള്ള സ്റ്റേഷൻ ഹെഡ് ഓഫീസർക്ക് നടപടിക്രമങ്ങൾ റിപ്പോർട്ട് ചെയ്യും.

മട്ടാഞ്ചേരി സബ് ഡിവിഷൻ പരിധിയിലേക്ക് പള്ളുരുത്തി എസ്.ഐ വൈ. ദീപു, ട്രാഫിക് വെസ്റ്റ് എസ്.ഐ. ഹംസ എന്നിവരെയാണ് നിയമിച്ചിട്ടുള്ളത്. മിന്നൽ പരിശോധനകൾ നടത്തുന്ന സംഘത്തിലേക്ക് എളമക്കര എസ്.ഐ. ബി. രാമു, ട്രാഫിക് ഈസ്റ്റ് എസ്.ഐ കെ.കെ.ബാബു എന്നിവരെയും എറണാകുളം സെൻട്രൽ സബ് ഡിവിഷൻ പരിധിയിൽ സെൻട്രൽ എസ്.ഐ പ്രേംകുമാർ, ട്രാഫിക് വെസ്റ്റ് എസ്.ഐ. അജി ജേക്കബ്ബ് എന്നിവരെയും എറണാകുളം സബ് ഡിവിഷൻ പരിധിയിൽ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷൻ എസ്.ഐ ജെ. അജേഷ് , ട്രാഫിക് വെസ്റ്റ് എസ്.ഐ നാസർ എന്നിവരുമാണുള്ളത്.

മുൻകൂട്ടിക്കാണാൻ കഴിയാത്ത ക്രമസമാധാന ചുമതലകൾ ഉണ്ടാകാനിടയുള്ളതിനാൽ എല്ലാ ടീം അംഗങ്ങളും നിർവ്വഹണത്തിന്റെ ഷെഡ്യൂൾ തയാറാക്കി ആയിരിക്കും പ്രവർത്തിക്കുക. കൂടുതൽ കാര്യക്ഷമമാക്കാൻ എൻഫോഴ്‌സ്‌മെന്റ് സംഘത്തിന്റെ മിന്നൽ പരിശോധനകളും ഉണ്ടാകും.