കൊച്ചി: തന്റെ മകൾക്കു കാഴ്ച തിരിച്ചു നൽകിയ ആയുർവേദ ചികിത്സ ലോകം മുഴുവൻ വ്യാപിപ്പിക്കാൻ ശ്രമമുണ്ടാകണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുമെന്ന് കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒഡിംഗാ പറഞ്ഞു. ശ്രീധരീയം-നെല്യക്കാട്ട് മനയിൽ നൽകിയ അത്താഴ വിരുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താൻ പ്രസിഡന്റായാൽ ആദ്യ പരിഗണയിലുള്ള വിഷയങ്ങളിൽ പ്രധാനം ശ്രീധരീയത്തിന്റെ ആശുപത്രി കെനിയൻ തലസ്ഥാനമായ നെയ്‌റോബിയിൽ ആരംഭിക്കലാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ആദ്യം എത്തിയപ്പോൾ കാലുകൾ കൊണ്ട് ദൂരം അളന്നാണ് സ്വന്തം കാര്യങ്ങൾ നിർവഹിച്ചിരുന്നതെന്നും ഇപ്പോൾ ഫോൺ മെസേജുകൾ പോലും വായിക്കാൻ കഴിയുന്നുണ്ടെന്നും മകൾ റോസ്‌മേരി ഒഡിംഗാ പറഞ്ഞു. 2017ലാണ് തലയിലുണ്ടായ ട്യൂമർ മൂലം റോസ്‌മേരിയുടെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടത്. ചികിത്സകളൊന്നും ഫലം കണ്ടില്ല. 2019ലാണ് കൂത്താട്ടുകുളത്ത് ശ്രീധരീയത്തിൽ ചീഫ് ഫിസിഷ്യൻ ഡോ.നാരായണൻ നമ്പൂതിരിയുടെ ചികിത്സ തുടങ്ങിയത്. നാലു മാസത്തിനകം തന്നെ കാഴ്ച തിരികെ ലഭിച്ചിരുന്നു.
ശനിയാഴ്ച രാവിലെ എട്ടു മണിക്ക് പ്രത്യേക ഹെലികോപ്റ്ററിൽ നെടുമ്പാശ്ശേരിയിലെത്തി റെയില ഒഡിംഗാ കെനിയയിലേക്ക് യാത്രയായി.