കൊച്ചി​: എറണാകുളം ശിവക്ഷേത്രത്തി​ലെ ഉത്സവത്തി​ന് സമാപനം. ഇന്നലെ രാവി​ലെ ആറാട്ട് ശീവേലി​ എഴുന്നള്ളി​പ്പി​ന് ഈരാറ്റുപേട്ട അയ്യപ്പൻ തിടമ്പേറ്റി. തിരുവമ്പാടി ചന്ദ്രശേഖരനും കാഞ്ഞിരക്കാട് ശേഖരനും അകമ്പടി​യായി​. വൈകി​ട്ട് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ കൊടിയിറക്കൽ ചടങ്ങി​ന് ശേഷം ആറാട്ട് പുറപ്പാട് തുടങ്ങി. ഭഗവാൻ ഗജരാജൻ തിരുവമ്പാടി ചന്ദ്രശേഖരന്റെ മുകളേറി ക്ഷേത്രത്തിനു വലംവച്ച് പൊലീസിന്റെ ആചാരപരമായ ഗാർഡ് ഒഫ് ഓണർ സ്വീകരിച്ച് ക്ഷേത്രക്കുളത്തിലെത്തി. തന്ത്രി ചേന്നാസ് ചെറിയ നാരായണൻ നമ്പൂതിരി, മേൽശാന്തിമാരായ ഗോവിന്ദൻ എമ്പ്രാന്തിരി, ഉണ്ണികൃഷ്ണൻ നമ്പൂതിരി തുടങ്ങിയവരുടെ നേതൃത്തിൽ ആറാട്ടു കർമ്മങ്ങൾ നടന്നു. ആറാട്ടിനുശേഷം തിരുവമ്പാടി ചന്ദ്രശേഖരന്റെ മുകളിൽ തിടമ്പിലേറി മധുരപ്പുറം കണ്ണന്റെയും ഈരാറ്റുപേട്ട അയ്യപ്പന്റെയും അകമ്പടി​യോടെ ദേശപ്പറയ്ക്ക് പുറപ്പെട്ടു.

കോങ്ങാട് മധു, കോട്ടക്കൽ രവി, തിച്ചൂർ മോഹനൻ, മച്ചാട് മണികണ്ഠൻ, പാഞ്ഞാൾ വേലുക്കുട്ടി എന്നിവരുടെ മേജർ സെറ്റ് പഞ്ചവാദ്യം എഴുന്നള്ളി​പ്പി​നെ ആഘോഷമാക്കി​.

എഴുന്നള്ളിപ്പ് വെളുപ്പിന് 2 മണിയോടെ ഡി​.എച്ച് ഗ്രൗണ്ടിലെത്തിച്ചേർന്നു. തുടർന്ന് പാണ്ടിമേളം, മിനി കരിമരുന്നു പ്രയോഗം എന്നിവക്ക് ശേഷം ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളി. കൊടിക്കൽ പറയ്ക്കും 25 കലശത്തി​നും ശേഷം അകത്തേക്കെഴുന്നള്ളിച്ച് നടയടച്ചതോടെ ഉത്സവത്തി​ന് പരി​സമാപ്തി​യായി​.