na
നൂലേലി പള്ളിപ്പടിയിലെ ലിഫ്റ്റ് ഇറിഗേഷൻ പൈപ്പ് കത്തിയ നിലയിൽ .

കുറുപ്പംപടി: അശമന്നൂർ പഞ്ചായത്തിലെ പനിച്ചയം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായി നൂലേലി പള്ളിപ്പടിയിൽ സ്ഥാപിച്ചിരിക്കുന്ന വാട്ടർ ടാങ്കിലേക്ക് വെള്ളംവരുന്ന പൈപ്പുകൾ സാമൂഹ്യവിരുദ്ധർ തീവച്ച് നശിപ്പിച്ച നിലയിൽ. പനിച്ചയം പെരിയാർ വാലി കനാലിൽനിന്നും ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിപ്രകാരം നൂലേലി പള്ളിപ്പടിയിലെ ടാങ്കിലേക്ക് വെള്ളം എത്തിക്കുന്ന പെെപ്പാണ് കത്തിനശിച്ചത്. ഇതുമൂലം ഈ പ്രദേശങ്ങളിലേക്ക് വെള്ളം പമ്പുചെയ്യാൻ സാധിക്കുന്നില്ല.

ഉയർന്നമേഖല ആയതിനാൽ ജലലഭ്യത വളരെ കുറവുള്ള പ്രദേശമാണിത്. ഈ ടാങ്കിൽനിന്നും വരുന്ന വെള്ളം നിരവധിയാളുകൾ കൃഷിയിടങ്ങളിൽ ജലസേചനത്തിനും കിണറുകളിലെ വെള്ളം വറ്റാതിരിക്കുന്നതിനായും മറ്റും ഉപയോഗിച്ചിരുന്നു. ഒരുമാസത്തിലേറെയായി പൈപ്പുകൾ കേടുപാടുകൾ സംഭവിച്ചിട്ട്. നാളിതുവരെയായിട്ടും സാമൂഹ്യവിരുദ്ധർക്കെതിരെ നടപടി സ്വീകരിക്കാനോ കേടായ ഭാഗത്തെ പൈപ്പുകൾ മാറ്റി സ്ഥാപിച്ച് ജലവിതരണം പുനഃസ്ഥാപിക്കാനോ പഞ്ചായത്ത് ഭരണസമിതി തയ്യാറാകാത്തതിൽ നാട്ടുകാരുടെ ഇടയിൽ വ്യാപക പ്രതിഷേധമുണ്ട്.