വൈപ്പിൻ: എറണാകുളം, തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന മുനമ്പം - അഴീക്കോട് പാലം നിർമ്മാണത്തിന് മുന്നോടിയായി മുനമ്പം ജങ്കാർ ജെട്ടി ഉടൻ മാറ്റിസ്ഥാപിക്കും. റവന്യൂ മന്ത്രി കെ.രാജന്റെ സാന്നിദ്ധ്യത്തിൽ തൃശൂരിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെന്ന് കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അറിയിച്ചു.

കഴിയുന്നത്ര വേഗത്തിൽ പാലം നിർമ്മാണം തുടങ്ങും. ഏപ്രിലോടെ സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കും.

പദ്ധതിയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളാൻ തൃശൂർ, എറണാകുളം ജില്ലകളിലെ ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗമാണ് ഇന്നലെ തൃശൂരിൽ ചേർന്നത്.

അഴീക്കോട്- മുനമ്പം പാലം പണി സർക്കാരിന്റെ രണ്ടാം നൂറുദിന പദ്ധതിയിൽ ഉൾപ്പെടുന്നതാണ്. ഫിഷറീസ് വകുപ്പുമായി സ്ഥലമേറ്റെടുക്കൽ സംബന്ധിച്ച് ധാരണയായിട്ടുണ്ട്.

യാത്രയ്ക്കും ടൂറിസത്തിനും തീർത്ഥാടനത്തിനും ഏറെ സഹായകമാകുന്ന പാലം സഫലമാകുന്നതോടെ മേഖലയിലെ മത്സ്യ വ്യവസായത്തിനും ഗുണപ്പെടും. മുനമ്പത്തെ സ്ഥലമേറ്റെടുപ്പ് അന്തിമഘട്ടത്തിലാണ്. ഫി​ഷറീസ് വകുപ്പി​ന്റെ സ്ഥലത്തി​ന് പുറമേ തൃശൂർ ജി​ല്ലയി​ലെ അഴീക്കോട് ഭാഗത്ത് .245 ഹെക്ടറും മുനമ്പം കുഴുപ്പി​ള്ളി​ വി​ല്ലേജി​ലെ .209 ഹെക്ടർ സ്ഥലവുമാണ് പാലത്തി​ന് ഏറ്റെടുക്കേണ്ടി​ വരി​ക. മുനമ്പം ഭാഗത്ത് പൊളി​ക്കേണ്ട കെട്ടി​ടങ്ങളും നി​ർണ്ണയി​ച്ചി​ട്ടുണ്ട്. മുനമ്പത്ത് സ്ഥലവി​ലയായി​ 6.76 കോടി​ രൂപയാണ് വേണ്ടി​വരി​ക. അപ്രോച്ച് റോഡി​നായി​ ഇരുവശത്തും 18 മീറ്റർ വീതി​യി​ലാണ് ഭൂമി​ ഏറ്റെടുത്തത്.

2011ൽ പാലത്തി​ന് തറക്കല്ലി​ട്ടതാണ്. സ്ഥലമേറ്റെടുപ്പി​ലെ പ്രശ്നങ്ങളാൽ മുന്നോട്ടുപോയി​ല്ല. തൃശൂർ ജില്ലാ കലക്ടറേറ്റിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ എം.എൽ.എമാരായ കെ.എൻ.ഉണ്ണി​ക്കൃഷ്ണൻ, ഇ.ടി ടൈസൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ്, എറണാകുളം ജില്ലാ കളക്‌ടർ ജാഫർ മാലിക്, തൃശൂർ ജില്ലാ കളക്‌ടർ ഹരിത വി.കുമാർ,
കെ.ആർ.എഫ്.ബി അസി. എക്സിക്യൂട്ടീവ് എൻജിനീയർ ഇ.ഐ സജിത്ത്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മാജ, തുടങ്ങിയവർ പങ്കെടുത്തു.

 പ്രത്യേകതകൾ ഏറെ

 സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയരമുള്ളതും ദീർഘവുമായ പാലങ്ങളിലൊന്നാകും മുനമ്പം - അഴീക്കോട് പാലം.

 160 കോടി​ രൂപയുടെ എസ്റ്റി​മേറ്റ്.  154.62 കോടി​യുടെ ഭരണാനുമതി​.  സ്ഥലം ഏറ്റെടുക്കാൻ 14.6 കോടി​.

 ഭീമൻ പാലം

 നീളം 868.70 മീറ്റർ.

 വീതി​ 15 മീറ്റർ.

 2 മീറ്റർ സൈക്കി​ൾ ട്രാക്കും രണ്ടുവശത്തും 1.5 മീറ്റർ ഫുട്പാത്തും സഹി​തം.

 സ്പാനുകൾ 31.

 വലി​യ മത്സ്യബന്ധന യാനങ്ങൾക്ക് അഴി​മുഖത്ത് കൂടെ സഞ്ചരി​ക്കാനാകും വി​ധം ഉയരം 12 മീറ്റർ

 കാലവിളംബം കൂടാതെ പാലം നിർമ്മാണം ആരംഭിച്ചില്ലെങ്കിൽ വൻപദ്ധതിയുടെ ചെലവ് വർധിക്കുമെന്നത് മുൻകൂട്ടികണ്ടു ത്വരിത ഗതിയിലുള്ള ശ്രമങ്ങളാണ് നടത്തുന്നത്.

കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ