
കൊച്ചി: മാർച്ച് 17ന് നടത്താൻ നിശ്ചയിച്ച ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ എറണാകുളം ജില്ലാ ശാഖയുടെ ഭാരവാഹി തിരഞ്ഞെടുപ്പിനെ ചൊല്ലി വിവാദം. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഒരുവിഭാഗം ശ്രമിക്കുന്നതായി സേവ് റെഡ് ക്രോസ് മൂവ്മെന്റ് ആരോപിച്ചു. പ്രളയങ്ങൾ, കൊവിഡ് കാലങ്ങളിൽ സേവനപ്രവർത്തനങ്ങൾ നടത്താൻ തയ്യാറാകാത്ത ചിലരാണ് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതെന്നാണ് ആരോപണം.
ഒരുവിഭാഗം സമ്മർദ്ദം ചെലുത്തിയതോടെയാണ് വോട്ടെടുപ്പിലൂടെ ഭാരവാഹികളെ നിശ്ചയിക്കാൻ ഈമാസം 7ന് ഭരണസമിതി തീരുമാനിച്ചത്. വരണാധികാരിയായി അഡ്വ.ആർ. മുരളീകൃഷ്ണനെ നിയോഗിക്കുകയും തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച് നടപടികൾ ആരംഭിക്കുകയും ചെയ്തു.
മാനേജ്മെന്റ്കമ്മിറ്റിയിലെ ചിലർ തിരഞ്ഞെടുപ്പ് നടത്താതിരിക്കാൻ നീക്കം നടത്തുന്നതായി സേവ് റെഡ് ക്രോസ് മൂവ്മെന്റ് ആരോപിച്ചു. ദീർഘകാലമായി ജനാധിപത്യ രീതിയിൽ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്താതെ ചിലരുടെ കൈകളിൽ മാത്രമായി ഒതുങ്ങിയ റെഡ് ക്രോസിനെ ജനാധിപത്യരീതി പു:നസംഘടിപ്പിക്കണമെന്ന സേവ് റെഡ് ക്രോസ് മൂവ്മെന്റ് ചില അംഗങ്ങളൾ ആവശ്യപ്പെട്ടിരുന്നു.
മാനേജ്മെന്റ് കമ്മിറ്റിയിലെ ചിലർ 2011 ൽ തട്ടിക്കൂട്ടിയുണ്ടാക്കിയ ഭരണഘടനയുടെ മറവിൽ തിരഞ്ഞെടുപ്പ് നടത്താതിരിക്കാൻ ശ്രമിക്കുകയാണ്. ദേശീയ തലത്തിൽ ഒറ്റ ഭരണഘടനയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് റെഡ് ക്രോസ് സൊസൈറ്റി.
എറണാകുളം ജില്ലാ ശാഖയ്ക്ക് മാത്രമായി പ്രത്യേക ഭരണഘടനയാണെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് സേവ് റെഡ് ക്രോസ് സൊസൈറ്റി ചെയർമാൻ എം. സലിം, സെക്രട്ടറി ജോമി തോമസ് എന്നിവർ പറഞ്ഞു.ആരോഗ്യ, ജീവൻരക്ഷാ മേഖലയിൽ പ്രവർത്തിക്കേണ്ട റെഡ് ക്രോസ് എറണാകുളം ജില്ലയിൽ 2018, 2019 വർഷങ്ങളിലുണ്ടായ പ്രളയകാലത്തും 2020, 2021 വർഷങ്ങളിലെ കൊവിഡ് മഹാമാരിക്കാലത്തും കാര്യക്ഷമമായി പ്രവർത്തിച്ചില്ല. തുടർന്നാണ് സേവ് റെഡ് ക്രോസ് മൂവ്മെന്റ് നിയമ പോരാട്ടങ്ങളിലേക്ക് നീങ്ങിയത്. പ്രളയഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ചില ഭാരവാഹികൾക്കെതിരെ പൊലീസ് കേസും നിലനിൽക്കുന്നുണ്ട്. അഴിമതി മൂടിവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് അട്ടിമറി നടത്താനുള്ള നീക്കമെന്നും മൂവ്മെന്റ് ഭാരവാഹികൾ ആരോപിച്ചു.
തിരഞ്ഞെടുപ്പ് നടപടികൾ
വോട്ടെടുപ്പ് : മാർച്ച് 17
വിജ്ഞാപനം: ഫെബ്രുവരി 9
തിരഞ്ഞടുക്കപ്പെടേണ്ടവർ : 21
വോട്ടർപട്ടിക പ്രസിദ്ധീകരണം: ഫെബ്രുവരി 17
അഭിപ്രായങ്ങൾ അറിയിക്കൽ : ഫെബ്രുവരി 25
അന്തിമവോട്ടർ പട്ടിക പ്രസിദ്ധീകരണം : മാർച്ച് 10
പത്രിക സമർപ്പണം : മാർച്ച് 10 ന് രാവിലെ 11 മുതൽ 3 വരെ
സൂക്ഷ്മ പരിശോധന : മാർച്ച് 11
പത്രിക പിൻവലിക്കൽ : മാർച്ച് 14 വൈകിട്ട് 5 വരെ
വോട്ടെടുപ്പ് : മാർച്ച് 17 ന് കാക്കനാട്ടെ റെഡ് ക്രോസ് ഭവനിൽ
വോട്ടെണ്ണി ഫലപ്രഖ്യാപനം : 17 ന് വൈകിട്ട് 5 ന്