കോലഞ്ചേരി: പട്ടിമ​റ്റത്ത് അന്യ സംസ്ഥാനത്തൊഴിലാളികളുടെ ചീട്ടുകളി കേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ എട്ട് പേർ പിടിയിൽ. ഇവരിൽ നിന്ന് ഒന്നരലക്ഷത്തോളം രൂപ പിടികൂടി. ആസാം സദേശികളായ ബിലാൽ ഹുസൈൻ (25), മുജീബ് റഹ്മാൻ (27), മോട്ടിബുൾ റഹ്മാൻ (22), സിദ്ദിഖുകൾ ഇസ്ലാം (27) എ.ആർ ചെലം (26), സെയ്ഫുൾ ഇസ്ലാം (31), ഗുലാം റബാനി(25), റോബിൻ ഹുസൈൻ (26) എന്നിവരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്. ശനിയാഴ്ച ഡബിൾപാലത്തിന് സമീപത്ത് മുറി വാടകയ്ക്ക് എടുത്താണ് ചീട്ട് കളിക്കുന്നത്. വൈകിട്ട് ഏഴുമണിക്ക് ആരംഭിക്കുന്ന ചൂതാട്ടം പുലർച്ചവരെ നീളും. ദൂരെനിന്നു വരെ തൊഴിലാളികൾ കളിക്കാനെത്തും. ലക്ഷങ്ങളാണ് കളത്തിലിറങ്ങുന്നത്. ചീട്ടുകളിയുടെ പേരിൽ സംഘട്ടനവും നടക്കാറുണ്ട്. എസ്.ഐമാരായ എം.പി. എബി, കെ.പി. സാബു , എ.എസ്.ഐ ടി.എ. മുഹമ്മദ്, എസ്.സി.പി.ഒ പി.എ. അബ്ദുൾ മനാഫ്, സി.പി.ഒമാരായ പി.എം. നിഷാദ്, കെ.എ. അനിൽകുമാർ , ടി.എ. അഫ്‌സൽ, റൂറൽ ജില്ലാ ഡാൻസാഫ് ടീം എന്നിവർ പരിശോധനയിൽ പങ്കെടുത്തു.