കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിൽ പരിസ്ഥിതി, ആരോഗ്യ വിദഗ്ദ്ധ സമിതി രൂപവത്കരിച്ചു. നിയമം, ആരോഗ്യം, എൻജിനീയറിംഗ് പരിസ്ഥിതി രംഗങ്ങളിലെ വിദഗ്ദ്ധരാണ് സമിതിയംഗങ്ങൾ. പഞ്ചായത്ത് പ്രദേശത്ത് പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങൾ, മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ, ലേബർ ക്യാമ്പുകൾ എന്നിവ ജനജീവിതത്തിന് ദോഷകരമാകാതിരിക്കാൻ സമിതി ശ്രദ്ധിക്കും. പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ‌്രസിഡന്റ് കെ.കെ. അശോക് കുമാർ, സെക്രട്ടറി പി.എൻ. പ്രസാദ്, ടി.എസ്. നവാസ്, ശ്രീരേഖ അജിത്, കെ. രാധാകൃഷ്ണമേനോൻ, സി.പി. രഘുനാഥ്, മുൻ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ ടി.കെ. പോൾ തുടങ്ങിയവർ സംസാരിച്ചു. വിദഗ്ദ്ധസമിതിയംഗങ്ങൾ സ്ഥാപനങ്ങൾ സന്ദർശിക്കുകയും ശാസ്ത്രീയ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യും. അഡ്വ. ബെഞ്ചമിൻ പോൾ (ചെയർമാൻ), ഡോ. കെ.എസ്. കൃഷ്ണകുമാർ (കൺവീനർ), തോമസ് പൊക്കാമ​റ്റം, ഡോ. കെ.പി. സണ്ണി, ഡോ. ജനീഷ് പോൾ, എം.എം. അനസ്, മേരി പൗലോസ് എന്നിവരാണ് വിദഗ്ദ്ധ സമിതിയിലുള്ളത്.