കൊച്ചി: മുതിർന്നവരിലെ ജന്മനാലുള്ള ഹൃദ്രോഗങ്ങളുടെ ചികിത്സയ്ക്കായി സമഗ്രമായ അഡൽറ്റ് കൺജെനിറ്റൽ ഹാർട്ട് ഡിസീസസ് (എ.സി.എച്ച്.ഡി) ക്ലിനിക് കൊച്ചി അമൃത ആശുപത്രിയിൽ ആരംഭിച്ചു. വിവിധ സബ് സ്‌പെഷ്യാലിറ്റി വിഭാഗങ്ങളുടെ മേൽനോട്ടം ആവശ്യമുള്ള ജന്മനാ ഹൃദയ വൈകല്യങ്ങളാൽ ബുദ്ധിമുട്ടുന്ന മുതിർന്ന ആളുകൾക്ക് വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുള്ള സ്‌പെഷ്യലൈസ്ഡ് പരിചരണം ക്ലിനിക്കിൽ ലഭ്യമാണ്. കൊറോണറി ആർട്ടറി ഡിസീസ്, റുമാറ്റിക് അല്ലെങ്കിൽ ഡിജനറേറ്റീവ് വാൽവ് രോഗങ്ങൾ എന്നിവയിൽ നിന്ന് വ്യത്യസ്തമായി മുതിർന്നവരിൽ ജന്മനാലുണ്ടാകുന്ന ഹൃദ്രോഗങ്ങളാണ് കാർഡിയോളജിയുടെ ഉപവിഭാഗമായ എ.സി.എച്ച്.ഡി. കൈകാര്യം ചെയ്യുന്നത്. നൂതന കാർഡിയാക് ഇമേജിംഗ് സംവിധാനം, പൾമണറി ഹൈപ്പർടെൻഷൻ സേവനങ്ങൾ, കത്തീറ്റർ അധിഷ്ഠിത രോഗനിർണയ ചികിത്സാ നടപടിക്രമങ്ങൾ, കാർഡിയാക് സർജറിയിലും കാർഡിയാക് അനസ്‌തേഷ്യയിലും പ്രത്യേക വൈദഗ്ദ്ധ്യം നേടിയ ഡോക്ടർമാരുടെ സേവനം, സങ്കീർണ്ണമായ ഗർഭാവസ്ഥയിലെ ചികിത്സ, ഗർഭസ്ഥശിശുക്കളിലെ ഹൃദ്രോഗചികിത്സ, ഗർഭധാരണത്തിനു മുമ്പുള്ള കൗൺസലിംഗ്, കൂടാതെ രോഗികളായുള്ളവർക്ക് ഗർഭനിരോധനത്തിനുള്ള ഉപദേശം, രോഗികൾക്ക് സാമ്പത്തികമായും സാമൂഹികമായുമുള്ള സഹായങ്ങൾക്കുള്ള പിന്തുണ തുടങ്ങിയവ ക്ലിനിക്കിൽ ലഭിക്കും. പ്രൊഫ. ഡോ. നവനീത ശശികുമാറാണ് ക്ലിനിക്കിന് നേതൃത്വം നൽകുന്നത്.