kklm
കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒഡിംഗാക്ക് ശ്രീധരീയത്തിൽ നല്കിയ യാത്രഅയപ്പ് സ്വീകരണം

കൂത്താട്ടുകുളം: തന്റെ മകൾക്ക് കാഴ്ച തിരിച്ചു നൽകിയ ആയുർവ്വേദ ചികിത്സ ലോകം മുഴുവൻ വ്യാപിപ്പിക്കുന്നതിനുള്ള ശ്രമം ഉണ്ടാവണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുമെന്ന് കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒഡിംഗാ, ശ്രീധരീയം-നെല്യക്കാട്ട് മനയിൽ നൽകിയ അത്താഴ വിരുന്നിൽ കുടുംബാംഗങ്ങൾക്ക് ഉറപ്പു നൽകി. താൻ പ്രസിഡന്റ് ആയാൽ ആദ്യ പരിഗണയിൽ ഉള്ള വിഷയങ്ങളിൽ പ്രധാനമായത് ശ്രീധരീയത്തിന്റെ ഒരു ആശുപത്രി കെനിയൻ തലസ്ഥാനമായ നെയ്‌റോബിയിൽ ആരംഭിക്കുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വളരെ വികാരഭരിതനായാണ് തന്റെ മകൾക്കുണ്ടായ ദുരിതം അദ്ദേഹം കുടുംബാംഗങ്ങൾക്കു മുന്നിൽ വിവരിച്ചത്.
താൻ ആയുർവ്വേദ ചികിത്സയ്ക്കായി കേരളത്തിൽ ആദ്യം എത്തിയപ്പോൾ കാലുകൾകൊണ്ട് ദൂരം അളന്നാണ് സ്വന്തം കാര്യങ്ങൾ നിർവ്വഹിച്ചിരുന്നതെന്നും തനിക്ക് ഇപ്പോൾ തന്റെ ഫോണിലെ മെസേജുകൾ പോലും വായിക്കാൻ കഴിയുന്നുണ്ടെന്നും അതിനു താനും കുടുംബവും കെനിയൻ ജനതയും, ആയുർവേദത്തിനോടും ശ്രീധരീയത്തിനോടും എന്നും കടപ്പെട്ടിരിക്കുമെന്നും റെയിലയുടെ മകൾ റോസ്‌മേരി ഒഡിംഗാ കൂട്ടിച്ചേർത്തു.
2017 ലാണ് ശിരസിലുണ്ടായ ഒരു ട്യൂമർ മൂലം റോസ്‌മേരിയുടെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടത്. സൗത്ത് ആഫ്രിക്ക, ജർമനി,ഇസ്രായേൽ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ വിദഗ്ദ്ധ ചികിത്സ തേടിയിരുന്നെങ്കിലും കാഴ്ചശക്തി തിരികെ ലഭിച്ചിരുന്നില്ല. 2019ലാണ് ആയുർവ്വേദ നേത്ര ചികിത്സയെക്കുറിച്ച് കേട്ടറിഞ്ഞ് കൂത്താട്ടുകുളം ശ്രീധരീയത്തിൽ എത്തുന്നത്. ശ്രീധരീയം ചീഫ് ഫിസിഷ്യൻ ഡോ.നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് റോസ്‌മേരിക്ക് ചികിത്സ നൽകിയിരുന്നത്. ചികിത്സ ആരംഭിച്ച് നാലു മാസത്തിനകം തന്നെ റോസ്‌മേരിക്ക് കാഴ്ച തിരികെ ലഭിച്ചിരുന്നു. തുടർചികിത്സയ്ക്കും ആയുർവ്വേദത്തിനും ശ്രീധരീയത്തിനും നന്ദി പറയുന്നതിനും വേണ്ടിയാണു റോസ്‌മേരി ഒഡിംഗാ തന്റെ പിതാവിനെയും കൂട്ടി ശ്രീധരീയത്തിൽ എത്തിയത്.
കെനിയൻ മുൻപ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി നെല്ല്യകാട്ടില്ലത്ത് സംഘടിപ്പിച്ച അത്താഴവിരുന്നിൽ കുടുംബാംഗങ്ങൾ അദ്ദേഹത്തെ താലപ്പൊലിയെടുത്ത് സ്വീകരിച്ചു. തുടർന്ന് പാരമ്പര്യ കേരളീയ കലാരൂപമായ തിരുവാതിരകളി അവതരിപ്പിക്കുകയും കെനിയൻ സംഘാംഗങ്ങൾ കെനിയൻ രീതിയിലുള്ള നൃത്തരൂപങ്ങൾ കുടുംബാംഗങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു.