pic
സൗരോർജ്ജ വേലിയോട് ചേർന്ന് വളർന്നുനിൽക്കുന്ന അക്കേഷ്യമരങ്ങൾ

കോട്ടപ്പടി: നാളുകളേറെയായി കാട്ടാനശല്യത്താൽ പൊറുതിമുട്ടിയിരിക്കുകയാണ് കോട്ടപ്പടി പഞ്ചായത്തിലെ കണ്ണക്കട വാവേലി നിവാസികൾ. നേരത്തെ കൃഷിയിടങ്ങളിൽ മാത്രമാണ് കാട്ടാനകളുടെ ആക്രമണമെങ്കിൽ ഇപ്പോൾ മനുഷ്യർക്കുനേരെയും തിരിഞ്ഞുതുടങ്ങിയത് കടുത്ത ആശങ്കയാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഫോറസ്റ്റ് വാച്ചറെ അടക്കം രണ്ടുപേരെയാണ് കാട്ടാന ആക്രമിച്ചത്. വേനൽ കടുക്കുന്നതോടെ കൂടുതൽ കാട്ടാനകൾ നാട്ടിലേക്ക് ഇറങ്ങുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.

 സൗരോർജ്ജവേലിയുടെ പ്രവർത്തനം കാര്യക്ഷമമല്ല

സൗരോർജ്ജ വേലിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലാത്തതിനാലാണ് കൂടുതലായും കാട്ടാനകൾ ജനവാസമേഖലകളിലേക്ക് ഇറങ്ങുന്നത്. വനംവകുപ്പ് കെട്ടിയ സൗരോർജ്ജവേലിക്ക് സമീപം നിറയെ അക്കേഷ്യമരങ്ങളുണ്ട്.. കാട്ടാനകൾ കൂട്ടമായെത്തി അക്കേഷ്യമരങ്ങൾ സൗരോർജ്ജ വേലിയിലേക്ക് തള്ളിയിടുമ്പോൾ ഷോർട്ട്സർക്യൂട്ടായി വൈദ്യുതിപ്രവാഹം നിലയ്ക്കുകയും ആനകൾ സുഗമമായി കടന്നുപോകുകയും ചെയ്യും. സൗരോർജ്ജവേലിയിൽ നിന്ന് 500 മീറ്ററോളം അടുത്തുള്ള അക്കേഷ്യമരങ്ങൾ വെട്ടിമാറ്റിയാൽ കാട്ടാനകളുടെ കടന്നുകയറ്റം ഒരു പരിധിവരെ തടയാമെന്ന് പ്രദേശവാസികൾ പറയുന്നു.

രാത്രികാലങ്ങളിൽ ഉറക്കമൊഴിച്ച് കാത്തിരുന്നാണ് പടക്കംപൊട്ടിച്ച് ആനകളെ ഭയപ്പെടുത്തി ഒരു പരിധിവരെ കാട്ടിലേക്ക് തിരികെഅയക്കുന്നത്. ഏറെ നാളുകളായി പലവിധ പദ്ധതികൾ വനംവകുപ്പ് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും തുടർ നടപടിയൊന്നുമില്ല. പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ വേണ്ട നടപടികൾ വനംവകുപ്പ് അടിയന്തരമായി നടപ്പാക്കണമെന്നാണ് ആവശ്യം.