അങ്കമാലി: അട്ടിക്കൂലി നൽകാത്തതിൽ പ്രതിഷേധിച്ച് അങ്കമാലി എഫ്.സി.ഐയിൽ തൊഴിലാളികൾ നടത്തുന്ന നിസഹകരണ സമരംമൂലം ചരക്കുനീക്കം നിലച്ചു. അഞ്ചുദിവസം മുമ്പ് ലോറികളിൽ കയറ്റിയ 3,360 ചാക്ക് അരി എഫ്.സി.ഐയിൽ നിന്നും കൊണ്ടുപോയിട്ടില്ല. സിവിൽ സപ്ലൈസിന്റെ ഗോഡൗണിലെത്തിച്ചശേഷം അവിടെനിന്നും

ജില്ലയിലെ വിവിധ റേഷൻ കടകളിലേയ്ക്ക് വിതരണത്തിനായി പോകേണ്ട അരിയാണ് അങ്കമാലി എഫ്.സി.ഐയിൽ ലോറികളിൽ കെട്ടിക്കിടക്കുന്നത്.

ഒരു ലോറിയിൽ 10 ടൺ അരി(ഏകദേശം 205 ചാക്ക്)യാണ് സാധാരണ കയറ്റാറുള്ളത്. നിസഹകരണ സമരത്തിന്റെ ഭാഗമായി തൊഴിലാളികൾ ലോറിയിൽ കയറ്റുന്ന ചാക്കുകളുടെ എണ്ണം

കുറച്ചു. ബുധനാഴ്ച 24 ലോറികളിൽ അരി കയറ്റിയെങ്കിലും ഓരോന്നിലും 140 ചാക്ക്(ഏകദേശം 7 ടൺ)വീതമേ കയറ്റിയുള്ളൂ. 10 ടൺ അരി വീതം കയറ്റാതിരുന്നതിനാലാണ് കോൺട്രാക്ടർമാർ ലോറികൾ കൊണ്ടുപോകാതിരുന്നത്. ഈ ലോറികൾ നാല് ദിവസമായി എഫ്.സി.ഐ കോമ്പൗണ്ടിൽ കിടക്കുകയാണ്. അടുത്ത ദിവസം ജനറൽ മാനേജർ അങ്കമാലി എഫ്.സി.ഐ സന്ദർശിക്കുമെന്നാണ് വിവരം. സമരംനീണ്ടാൽ

ജില്ലയിലെ റേഷൻ വിതരണം അവതാളത്തിലാകും.

ജില്ലയിലെ എല്ലാ താലൂക്കുകളിലേയ്ക്കും ഇടുക്കിയിലേയ്ക്കും അങ്കമാലിയിൽ നിന്നും അരിയും ഗോതമ്പും കയറിപ്പോകുന്നുണ്ട്. ഒരുലോഡിന് 750 രൂപ വീതം കരാറുകാർ തൊഴിലാളികൾക്ക് അട്ടിക്കൂലിയായി നൽകാറുണ്ട്. ജനുവരി 31നുശേഷം അട്ടിക്കൂലി നൽകുന്നില്ല. ഇതേത്തുടർന്ന് ഫെബ്രുവരി ഒന്നുമുതൽ തൊഴിലാളികൾ പ്രതിഷേധത്തിലാണ്. 2016 ൽ അട്ടിക്കൂലിയുമായി ബന്ധപ്പെട്ട് തൊഴിലാളികൾ സമരം നടത്തിയതിനെ തുടർന്ന് സർക്കാർ തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തി അട്ടിക്കൂലി ഏകീകരിച്ചിരുന്നു. അട്ടിക്കൂലി 750 രൂപയാക്കി നിജപ്പെടുത്തി സർക്കാർ ഇറക്കിയ ഉത്തരവ് തൊഴിലാളികളുടെ പക്കലുണ്ട്. ഇതുവരെ ലഭിച്ചിരുന്ന

കൂലി പെട്ടെന്ന് നിർത്തിയതോടെയാണ് തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്ത്

വന്നത്. എന്നാൽ അട്ടിക്കൂലിക്കെതിരെ കോടതി വിധിയുണ്ടെന്നാണ് കരാറുകാരുടെ പക്ഷം.