muni
മുനിശങ്കറിന് പിറന്നാൾ സമ്മാനം കൈമാറുന്ന മുഹമ്മദ് നസീം

കോലഞ്ചേരി: സ്വപ്നങ്ങളുടെ ചിറകിലേറി കുതിക്കാൻ പിറന്നാൾ ദിനത്തിൽ വിലപ്പെട്ട സമ്മാനം ലഭിച്ച ആഹ്ലാദത്തിലാണ് മണ്ണൂർ ആർദ്രതാ ബാലഭവനിലെ അന്തേവാസി മുനിശങ്കർ നായിക് എന്ന പ്ലസ് വൺകാരൻ. ജീവിതപ്രാരാബ്ദങ്ങൾക്കിടയിൽ പഠനത്തിനായി കേരളത്തിലെത്തപ്പെട്ട മഹാരാഷ്ട്രയിലെ താനെ സ്വദേശിയാണ് മുനിശങ്കർ. നന്നേ ചെറുപ്പത്തിലെ പിതാവിനെ നഷ്ടപ്പെട്ടു. രോഗിയും വികലാംഗയുമായ അമ്മയ്ക്ക് മകന്റെ പഠനച്ചെലവുകൾ വഹിക്കാനാകാതെ വന്നപ്പോൾ നാടോടികൾക്കൊപ്പം കേരളത്തിലെത്തി. അവിടെനിന്നും ബാലഭവനിലേക്ക്.
കീഴില്യം സെന്റ് തോമസ് സ്‌കൂളിൽ പ്ലസ് വണ്ണിന് പഠിക്കുന്ന മുനിശങ്കർ മികച്ച കായികതാരമാണ്. ജില്ലാ തലത്തിൽ മദ്ധ്യദൂര ഓട്ടത്തിനും ഹൈജംപിനും ധാരാളം സമ്മാനങ്ങൾ നേടി. എന്നാൽ മികച്ച സ്‌പോർട്‌സ് ഉപകരണങ്ങളുടെയും പരിശീലനത്തിന്റേയും കുറവ് മുനിശങ്കറിന്റെ സ്വപ്നങ്ങൾക്ക് വിലങ്ങുതടിയായി. കഴിഞ്ഞമാസം ബാലഭവന് സമീപമുള്ള അന്ത്യാളൻപറമ്പ് പട്ടികജാതി കോളനിയിൽ നടത്തിയ ലഹരിവിരുദ്ധ കാമ്പയിനാണ് വഴിത്തിരിവായത്. ഇവിടെയത്തിയ പട്ടികജാതി വകുപ്പിലെ ജീവനക്കാരൻ എസ്. ശ്രീനാഥ് മുനിശങ്കറിന്റെ കാര്യം അറിഞ്ഞു. ശ്രീനാഥ് വഴി ലക്ഷദ്വീപിൽ നിന്നുള്ള ഏക ദേശീയ കായികതാരവും പട്ടികജാതി വകുപ്പിലെ ജീവനക്കാരനായ കെ.എം. മുഹമ്മദ് നസീമും. മുനിശങ്കറിന് എല്ലാവിധ സഹായവുമായി മുഹമ്മദ്‌ നസീം ഓടിയെത്തി. അതും ഈ പ്ലസ് വൺകാരന്റെ ജന്മദിനത്തിൽ. കായിക ഉപകരണങ്ങൾ സമ്മാനിച്ചതിന് പുറമേ മികച്ച പരിശീലനസഹായവും നസീം വാഗ്ദാനം ചെയ്തു. കേരളത്തിനായി നിരവധി അന്യസംസ്ഥാന താരങ്ങൾ ഇപ്പോൾ മത്സരരംഗത്തുണ്ട്. അവരിലൊരാളായി ഇനിയുള്ള നാളുകളിൽ മുനിശങ്കർ നായിക് എന്ന പേരുകൂടി എഴുതിച്ചേർക്കപ്പെടും.