കൊച്ചി: മരട് മുനിസിപ്പാലിറ്റിയിലെ വളന്തക്കാട് ആരോഗ്യ ഉപകേന്ദ്രത്തിൽ ഡോക്ടറുടെ സേവനം ഉറപ്പാക്കണമെന്ന ഹർജിയിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ മറുപടി ഹൈക്കോടതി ഈമാസം 18ന് പരിഗണിക്കും.

മരട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ ഉപകേന്ദ്രം ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും ഡോക്ടറുടെ സേവനത്തോടെ തുറന്നു പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് മോസ്‌ക് റോഡ് റസിഡന്റ്സ് അസോസിയേഷനാണ് ഹർജി സമർപ്പിച്ചത്. ഉപകേന്ദ്രം തുറന്നു പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് ഗുണകരമാണെന്നും ഡി.എം.ഒയുടെ അനുമതി ലഭിക്കാത്തതാണ് തടസമെന്നും പ്രാഥമികാരോഗ്യകേന്ദ്രം അധികൃതരുടെ നിലപാട്. ഡി.എം.ഒയുടെ നിലപാട് ഹൈക്കോടതിയിലെ തുടർവാദത്തിൽ നിർണ്ണായകമാകുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

മരട് ഡിവിഷൻ 20 ൽ മുൻ എം.എൽ.എ എം.സ്വരാജ് ഫണ്ട് പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 42 ലക്ഷം രൂപ അനുവദിച്ച് ഉപകേന്ദ്രം പുതുക്കിപ്പണിതിരുന്നു. ഡോക്ടറുടെ സേവനത്തോടെ തുറന്നു പ്രവർത്തിപ്പിക്കാത്തത് കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

മരട് പ്രദേശവാസികളുടെ ഭീമ ഹർജിയുടെയും മുൻ ഡിവിഷൻകൗൺസിലർ സ്വമിന സുജിത്തിന്റെ നിവേദനത്തിന്റെയും അടിസ്ഥാനത്തിലാണ് എം. സ്വരാജ് ഫണ്ട് അനുവദിച്ചത്. 2020 ജൂൺ 26ന് ഉദ്ഘാടനം നടത്തിയെങ്കിലും തുറന്നു പ്രവർത്തിപ്പിച്ചിട്ടില്ല. തുടർന്നാണ് മരട് മോസ്‌ക്ക് റോഡ് റസിഡന്റ്സ് അസോസിയേഷന് വേണ്ടി സെക്രട്ടറി ഐ.ജി. അരുൾദാസ് ഹർജി സമർപ്പിച്ചത്. മുൻ കൗൺസിലർ ഉല്ലാസൻ, മരട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ശരത് ചന്ദ്രനും കേസിൽ കക്ഷി ചേർന്നിരുന്നു.

കൊവിഡ് കാലത്ത് ഡോക്ടറുടെ സേവനമില്ലാതെ ഉപകേന്ദ്രം അടഞ്ഞു കിടക്കുന്നത് അസാധാരണ സാഹചര്യമാണെന്ന് ഹർജികൾ പരിഗണിച്ച ഹൈക്കോടതി വാക്കാൽ അഭിപ്രായപ്പെട്ടിരുന്നു.