#ജനപ്രതിനിധികൾ, ഇറിഗേഷൻ - പെരിയാർവാലി ഉദ്യോഗസ്ഥരുടെയും സംയുക്തയോഗം
ആലുവ: കടുത്ത വേനലിനെ നേരിടുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികൾ തയ്യാറാക്കി ജനപ്രതിനിധികളുടെയും ഇറിഗേഷൻ, പെരിയാർവാലി ഉദ്യോഗസ്ഥരുടെയും യോഗം. ആലുവ നിയോജക മണ്ഡലത്തിലെ ഇറിഗേഷന്റെയും പെരിയാർവാലിയുടെയും നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളെക്കുറിച്ചും പുതിയ പദ്ധതികൾ നടപ്പാക്കുന്നതിനെക്കുറിച്ചും ചർച്ചചെയ്യുന്നതിന് അൻവർ സാദത്ത് എം.എൽ.എയാണ് യോഗംവിളിച്ചത്.
കൃഷിയാവശ്യത്തിനും കിണറുകളിൽ കുടിവെള്ളം ലഭിക്കുന്നതിനുംവേണ്ട മുൻകരുതലുകൾ യോഗം ചർച്ചചെയ്തു. എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും യഥാസമയം വെള്ളം എത്തിക്കും. കനാലുകളിലുള്ള ചോർച്ചയും തടസ്സങ്ങളും നീക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
കനാലുകളിൽനിന്നുവരുന്ന മാലിന്യം കനാലിന്റെ അരികിൽ കൂട്ടിയിടുന്ന കരാറുകാർക്കെതിരെ നടപടി വേണമെന്ന് ആവശ്യമുയർന്നു. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ ഉത്തരവാദിത്വം നിർവഹിക്കണമെന്ന് എം.എൽ.എ പറഞ്ഞു.
ഇറിഗേഷൻ വകുപ്പിലെ ഇലക്ട്രിക്കൽ - സിവിൽ വിഭാഗങ്ങൾക്കെതിരെ രൂക്ഷവിമർശനമുണ്ടായി. പെരിയാർവാലി എ.ഇ യഥാസമയത്ത് പദ്ധതി എസ്റ്റിമേറ്റെടുത്ത് നൽകുന്നില്ലെന്നും ജനപ്രധിനിധികളോട് മോശമായി പെരുമാറുന്നതായും പരാതിയുണ്ടായി. പരാതികൾ മേലധികാരികളെ അറിയിച്ചിട്ടുണ്ടെന്ന് എക്സിക്യുട്ടീവ് എൻജിനീയർ പറഞ്ഞു. പെരിയാർവാലി, ഇറിഗേഷൻ കനാലുകളുടെ അപാകതകൾ ഉടൻ പരിഹരിക്കും. രണ്ടുമാസത്തിനുശേഷം വീണ്ടും അവലോകനയോഗം ചേരും. നാളെ രാവിലെ 10.30ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചിട്ടുണ്ട്.
മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സി. മാർട്ടിൻ, പി.വി. കുഞ്ഞ്, രാജി സന്തോഷ്, സതി ലാലു, സെബ മുഹമ്മദാലി, പ്രീജ കുഞ്ഞുമോൻ എന്നിവരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.